ബംഗലുരു: പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് ചേർത്തുളള സഖ്യ ചർച്ചയിൽ നിന്നും വിട്ടുനിന്ന് ജെ.ഡി.എസ് നേതാവും കർണ്ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്നുമാണ് കുമാരസ്വാമി വിട്ടുനിന്നത്. യോഗത്തിൽ എത്തിചേരേണ്ടിയിരുന്ന കുമാരസ്വാമി അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യോഗത്തിൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് കുമാരസ്വാമി ഇനിയും വിശദീകരണം നൽകിയിട്ടില്ല. കോൺഗ്രസ് പാർട്ടിയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് പുതുതായി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ കക്ഷികളുടെ .യോഗം ചേരൽ. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോഴേക്കും കൃത്യമായ തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയാണ് ഇവർ ഇപ്പോൾ യോഗം ചേരുന്നത്.
എക്സിറ്റ് പോളുകൾ വരും മുൻപുതന്നെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമാണെന്ന മട്ടിലുളള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതാണ് കുമാരസ്വാമി യോഗത്തിൽ നിന്നും വിട്ടുനിക്കാനുളള കാരണമെന്ന് കരുതപ്പെടുന്നു.പരമാവധി സീറ്റുകൾ നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ ജെ.ഡി.എസുമായി സഖ്യം ചേരുന്നതിൽ അർത്ഥമില്ലെന്നുമുളള പ്രസ്താവനകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.