കോഴിക്കോട്: പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരൻ എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സിയിൽ സംഘടിപ്പിച്ച ' ഇന്ത്യക്ക് വേണ്ടത് സമന്വയമാണ്, വിഭജനമല്ല' എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്. അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര നടത്തിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിൽ മോദിക്ക് ലഭിച്ച കമ്മീഷന്റെ ഒരു പങ്ക് പിണറായിക്കും ലഭിച്ചിട്ടുണ്ട്. മോദിക്ക് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വിദേശ യാത്രകൾ കൊണ്ട് ഏതെല്ലാം പദ്ധതികൾ മുഖ്യമന്ത്രി നടപ്പാക്കിയെന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു, സെക്രട്ടറി അഡ്വ. കെ പ്രവീൺകുമാർ, മുൻ മന്ത്രി എം.ടി പത്മ, കെ.സി അബു, അഡ്വ.. എം വീരാൻകുട്ടി, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ യു.വി ദിനേശ് മണി, ബാലനാരായണൻ, കെ രാമചന്ദ്രൻ, കെ.പി ബാബു, ബാലകൃഷ്ണൻ കിടാവ്, സുരേന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ്മാരായ ഇ.വി ഉസ്മാൻകോയ, അന്നമ്മ മാത്യൂ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, ചോലക്കൽ രാജേന്ദ്രൻ, സി രവീന്ദ്രൻ, എം.എം വിജയകുമാർ, സത്യൻ കടിയങ്ങാട്, പി.എം അബ്ദുറഹ്മാൻ, ഇ.എം ജയപ്രകാശ്, ഫിലിപ്പ് പാമ്പാറ, ഇ അശോകൻ, ബാബു പൈക്കാട്ടിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വി ജിതേഷ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി മമ്മദ് കോയ സ്വാഗതവും ജനറൽ സെക്രട്ടറി വി സമീജ് നന്ദിയും പറഞ്ഞു.