ബംഗളൂരു: എൻ.ഡി.എയ്‌ക്ക് വിജയസാദ്ധ്യത പ്രവചിക്കുന്ന എക്‌സിറ്റ്‌പോൾ ഫലം വന്നതോടെ പാർട്ടി വിടുമെന്ന സൂചന നൽകി കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവും എം.എൽ.എയുമായ റോഷൻ ബെയ്ഗ്. ഗുരുതര ആരോപണങ്ങളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ റോഷൻ ഉന്നയിച്ചത്. എം.എൽ.എമാരെ വശത്താക്കി സംസ്ഥാന ഭരണം അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഇത്.
"ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു ബഫൂൺ (കോമാളി) ആണ്. രാഹുൽജിയോട് ഈ കാര്യത്തിൽ സഹതാപമാണ് തോന്നുന്നത്. വേണുഗോപാലിനെപ്പോലുള്ള ബഫൂണുകളും സിദ്ധരാമയ്യയുടെ ധിക്കാരവും ഗുണ്ടുറാവുവിന്റെ കഴിവില്ലായ്‌മയും കൂടിച്ചേർന്നാണ് കർണാടകത്തിൽ കോൺഗ്രസിന്റെ നില പരിതാപകരമാക്കിയത്."- റോഷൻ ബെയ്ഗ് പറഞ്ഞു.
പാർട്ടിയിൽ പല അവസരങ്ങളിലും തഴയപ്പെട്ടതു മൂലമുള്ള നിരാശയാണ് റോഷൻ ബെയ്‌ഗിന്റെ പ്രസ്‌താവനയ്‌ക്കു പിന്നിലെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. എൻ.ഡി.എ അധികാരത്തിൽ തിരിച്ചെത്തിയാൽ ആ സാഹചര്യത്തോട് പൊരുത്തപ്പെടണമെന്ന് മുസ്ളിം സമുദായാംഗങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പാർട്ടി വിടുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ അങ്ങനെ ചെയ്യുമെന്നും റോഷൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് - ജനതാദൾ സർക്കാർ കർണാടകത്തിൽ അധികാരത്തിൽ വന്നപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം ബെയ്ഗ് പ്രതീക്ഷിച്ചെങ്കിലും ജി. പരമേശ്വരയ്‌ക്കാണ് നറുക്കു വീണത്. "ക്രിസ്‌ത്യാനികൾക്ക് ഒരു സീറ്റ് പോലും നൽകിയില്ല. മുസ്ലിമിന് വെറും ഒരു സീറ്റ് മാത്രമാണ് നൽകിയത്. അവരെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. ഞാൻ ഇതിൽ തീർത്തും നിരാശനാണ്"- റോഷൻ കൂട്ടിച്ചേർത്തു.
ബെയ്ഗിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
കെ.സി. വേണുഗോപാൽ, കോൺഗ്രസ് സംഘടനകാര്യ സെക്രട്ടറി
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. കർണാടക സർക്കാരിന് പ്രതിസന്ധിയില്ല. കുറച്ചു കോൺഗ്രസ് എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഭരണം പിടിച്ചെടുക്കാനാണ് ശ്രമം. അതു ഫലം കാണില്ല.
എക്സിറ്റ് പോൾ ഫലങ്ങളിൽ സംശയമുണ്ട്. ബി.ജെ.പിക്കായി ചെയ്ത പ്രവചനങ്ങളാണിത്. കോൺഗ്രസിന്റെ കണക്കുകളുമായി ഇവ പൊരുത്തപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പെരുമാറുകയാണ്.