election-2019

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ മികച്ച രീതിയിൽ നടത്തിയെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതം കാണിക്കുന്നുവെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം നിലനിൽക്കെയാണ് പ്രണബ് മുഖർജിയുടെ പ്രശംസ.

സുകുമാർ സെൻ മുതൽ നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷണർ വരെയുള്ളവർ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണനിർവഹണ സമിതിയാണ് എല്ലാവരെയും നിയമിക്കുന്നത്. അവർ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു. നിങ്ങൾ അവരെ വിമർശിക്കേണ്ടതില്ല. വളരെ കൃത്യതയാർന്ന തിരഞ്ഞെടുപ്പാണ് നടന്നതെന്നും പ്രണബ് മുഖർജി പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാപനങ്ങളെല്ലാം മികച്ചതാണ്. വർഷങ്ങളെടുത്ത് നിർമിച്ചെടുത്തതാണ് അവ. ഒരു മോശപ്പെട്ട തൊഴിലാളി തന്റെ പണിയായുധങ്ങളെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കും. അതേസമയം നല്ല തൊഴിലാളിക്ക് ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിയാമെന്നും മുഖർജി പറഞ്ഞു.