സ്കിസോഫ്രീനിയ എന്ന ഗുരുതരമായ മനോരോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആഗോളാടിസ്ഥാനത്തിൽ പൊതുജന ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും മേയ് 24ന് ലോക സ്കിസോഫ്രീനിയ ദിനാചരണവും മേയ് 20 മുതൽ 27 വരെ വാരാചരണവും നടക്കുകയാണ്. ''നിങ്ങളെക്കൊണ്ടു ചെയ്യാൻ കഴിയുന്നത് നിങ്ങളും ചെയ്യുക" എന്നതാണ് ഈ വർഷത്തെ ചർച്ചാവിഷയം. സമൂഹത്തിൽ നിന്നും രോഗത്തെ തുടച്ചുനീക്കാനും രോഗബാധിതരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരാനും നമുക്ക് ഓരോരുത്തർക്കും പലതും ചെയ്യാനുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
യഥാർത്ഥ ലോകവും സാങ്കല്പിക ലോകവും തമ്മിൽ തിരിച്ചറിയാനാകാത്ത ഗുരുതരമായ ഒരു മാനസിക രോഗമാണ് സ്കിസോഫ്രീനിയ . വിഘടിച്ച മനസ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. വ്യക്തിയുടെ വികാരങ്ങളും ചിന്തകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധം ഇവിടെ ഇല്ലാതാകുന്നു. ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും ഗുരുതരമായി ബാധിക്കുന്ന ഈ രോഗം ബുദ്ധിയെയും ഓർമ്മയെയും സാധാരണ ബാധിക്കാറില്ല. മനോരോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണമായ സ്കിസോഫ്രീനിയ ആയൂർദൈർഘ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ആഗോളാടിസ്ഥാനത്തിൽ 21 ദശലക്ഷത്തിലേറെ ആളുകളെ ഈ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരാളിന്റെ ജീവിതത്തിൽ ഈ രോഗബാധയ്ക്കുള്ള സാദ്ധ്യത ഒരു ശതമാനമാണ്. ഇന്ത്യയിൽ 18 വയസ് കഴിഞ്ഞവരിൽ 250 പേരിൽ ഒരാൾക്ക് വീതം (0.4 ശതമാനം ) ഈ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് 2016ൽ നടത്തിയ ദേശീയ മാനസികാരോഗ്യ സർവേയിൽ കണ്ടെത്തിയത്. കേരളത്തിൽ ഈ വിഭാഗത്തിൽ പെട്ടവരിൽ 294 പേരിൽ ഒരാൾക്കുവീതം (0.34 ശതമാനം ) ഈ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടി 2014-16ൽ നടത്തിയ പഠനത്തിൽ വ്യക്തമായത്.
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയാണ് ഈ രോഗം ബാധിക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെ കുറച്ചുകൂടി ചെറിയ പ്രായത്തിൽ രോഗം ബാധിക്കുന്നു. ഇത് പുരുഷന്മാരിലെ രോഗവിമുക്തിയെ പ്രതികൂലമായി ബാധിക്കുന്നു.
സ്കിസോഫ്രീനിയയുടെ യഥാർത്ഥ കാരണം ഇന്നും വ്യക്തമല്ല. പാരമ്പര്യ ഘടകങ്ങൾ ഉൾപ്പെടെയുള്ള ജീവശാസ്ത്രപരമായ കാരണങ്ങളാൽ ചില വ്യക്തികൾ ജന്മനാ തന്നെ ഈ രോഗം വരാൻ സാദ്ധ്യത കൂടുതലുള്ളവരായിരിക്കും. ഈ കൂട്ടർ ശാരീരികമോ മാനസികമോ, സാമൂഹ്യമോ ആയ ഏതെങ്കിലും സമ്മർദ്ദത്തിനു വശംവദരാകുമ്പോഴോ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോഴോ അവരിൽ ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. പാരമ്പര്യം ഒരു പ്രധാന ഘടകം തന്നെ. മാതാപിതാക്കളിൽ രണ്ടുപേരും സ്കിസോഫ്രീനിയ ബാധിതരാണെങ്കിൽ അവരുടെ കുട്ടികൾക്കുള്ള രോഗസാദ്ധ്യത 40 ശതമാനമാണ്. ജീവശാസ്ത്രപരമായ മറ്റു പല ഘടകങ്ങളും ഈ രോഗത്തിലേക്കു നയിക്കും. കൂടാതെ ദാരിദ്ര്യവും, കുടുംബ സാമൂഹിക ഘടകങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളും ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഇതിന്റെ കാരണങ്ങളാകാറുണ്ട്. ഈ ഘടകങ്ങളെല്ലാം മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തിന് അവശ്യം വേണ്ട ചില ജൈവ രാസവസ്തുക്കളുടെ ഘടനയിലും അളവിലും വ്യതിയാനങ്ങൾ വരുത്തുന്നു. ഇതുമൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ ഈ രോഗത്തിനു കാരണമാകുന്നു. ഡോപമിൻ (Dopamin) എന്ന ജൈവരാസവസ്തുവിന്റെ അമിത പ്രവർത്തനം മൂലമാണ് സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൗമാരപ്രായത്തിലാണ് മിക്കപ്പോഴും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. രോഗലക്ഷണങ്ങൾ വളരെപ്പെട്ടെന്നോ കാലക്രമേണയോ പ്രകടമാകാം. രോഗിയുടെ പ്രായം, വിദ്യാഭ്യാസം, ബുദ്ധിശക്തി തുടങ്ങിയവ രോഗലക്ഷണങ്ങളെ സ്വാധീനിക്കും. അമിതമായ ഉത്കണ്ഠ, അകാരണമായ ഭയം, മൗനം, ബഹളം, ശുചിത്വമില്ലായ്മ, തന്നെയിരുന്നുള്ളതോ അവസരോചിതമല്ലാത്തതോ ആയ ചിരി, തന്നെയിരുന്നുള്ള സംസാരം, ആംഗ്യങ്ങൾ കാണിക്കൽ, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം ഭേദപ്പെടുത്താനും രോഗകാഠിന്യം കുറയ്ക്കാനും ഇതുമൂലമുണ്ടാകാറുള്ള വൈകല്യങ്ങളുടെ തോത് കുറയ്ക്കാനും സാധിക്കും. എന്നാൽ മിക്കപ്പോഴും ഇതിനു കഴിയുന്നില്ല എന്നതാണ് വസ്തുത. മനോരോഗങ്ങളോട് സമൂഹം വച്ചുപുലർത്തുന്ന വിവേചന മന:സ്ഥിതിയും രോഗം ഉണ്ടെന്ന് അംഗീകരിക്കാൻ രോഗികളും ബന്ധുക്കളും തയ്യാറാകാത്തതുമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നും മറ്റേതൊരു ശാരീരികരോഗം പോലെ പരിഗണിക്കപ്പെടേണ്ടതാണ് ഈ രോഗമെന്നുമുള്ള തിരിച്ചറിവ് പൊതുസമൂഹത്തിനില്ലാത്തതാണ് വിവേചന മന:സ്ഥിതിയുടെ കാരണം. ഈ മന:സ്ഥിതി മാറേണ്ടത് അത്യാവശ്യമാണ്.
( ലേഖകൻ തിരുവനന്തപുരം ശ്രീകാര്യം,ഐ.എം.ബി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനും സൈക്യാട്രിസ്റ്റുമാണ് ഫോൺ: 9020420925.)