lul

തിരുവനന്തപുരം: റംസാനിലെ പുണ്യം നുകർന്ന്, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി രണ്ടു നിർദ്ധന കുടുംബങ്ങൾക്ക് സ്‌നേഹ ഭവനങ്ങൾ സമ്മാനിച്ചു. വട്ടിയൂർക്കാവ് ഇലിപ്പോട് വലിയവിളാകത്ത് മേലെ എം. ബീമാക്കണ്ണ്, പുല്ലമ്പാറ പഞ്ചായത്തിൽ പാണയം ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ സിന്ധു എന്നിവർക്കാണ് യൂസഫലി സ്‌നേഹ ഭവനങ്ങൾ സമ്മാനിച്ചത്. എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്‌ടർ ജോയ് ഷഡാനന്ദൻ കൈമാറി.

ഭർത്താവ് മരണപ്പെട്ട ബീമാക്കണ്ണ്, മാനസിക രോഗമുള്ള മകനെയും കുടുംബത്തെയും സംരക്ഷിച്ചാണ് ജീവിതം കഴിക്കുന്നത്. തന്റെ നിസ്സഹായാവസ്ഥ കത്ത് മുഖേന എം.എ. യൂസഫലിയെ ബീമാക്കണ്ണ് അറിയിക്കുകയായിരുന്നു. ബീമാക്കണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് സിന്ധുവിന്റെയും മക്കളുടെയും അവസ്ഥ യൂസഫലി അറിഞ്ഞത്. റോഡരികിൽ ഏത് നിമിഷവും നിലംപൊത്താവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയിലായിരുന്നു 17 വയസുള്ള മകൾക്കും 15 വയസുള്ള മകനുമൊപ്പം സിന്ധുവിന്റെ താമസം. അഞ്ച് സെന്റ് സ്ഥലവും വീടും 15.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവർക്ക് വാങ്ങി നൽകിയത്.