പാക് കോപ്ടറെന്ന് കരുതി മിസൈൽ പ്രയോഗിച്ചു
ശ്രീനഗർ: ബാലാക്കോട്ടിലെ ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ ആക്രമണത്തിനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വ്യോമസേനയുടെ ഹെലികോപ്ടർ അബദ്ധത്തിൽ വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് ശ്രീനഗർ വ്യോമതാവളത്തിലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായ എയർ കമാൻഡിംഗ് ഓഫീസറെ പുറത്താക്കി.
അന്ന് പാക് കോപ്ടർ ആണെന്ന് തെറ്റിദ്ധരിച്ച് വ്യോമസേനാ ഭടന്മാർ സ്വന്തം എം.ഐ -17 ഹെലികോപ്ടറിന് നേരെ മിസൈൽ പ്രയോഗിക്കുകയായിരുന്നു. ശ്രീനഗറിന് സമീപം ബദ്ഗാമിലാണ് കോപ്ടർ തകർന്നു വീണത്. കോപ്ടറിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഭടന്മാരും താഴെ നിന്ന ഒരു സിവിലിയനും മരണമടഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് നടന്ന സംഭവത്തെ പറ്റി വ്യോമസേന നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയിരിക്കെയാണ് സ്വന്തം പിഴവിന് ശിക്ഷാ നടപടി എടുത്തിരിക്കുന്നത്.
അന്ന് രാവിലെ 10.05നാണ് കോപ്ടർ തകർന്നത്. ജമ്മുകാശ്മീരിലെ നൗഷേര സെക്‌ടറിന് മീതെ ഇന്ത്യയുടെ അഭിനന്ദൻ വർദ്ധമാൻ പറപ്പിച്ച മിഗ് വിമാനവും പാകിസ്ഥാന്റെ എഫ് - 16 യുദ്ധവിമാനവും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. പാക് വിമാനത്തെ വീഴ്‌ത്തിയ അഭിനന്ദന്റെ വിമാനവും തകർന്നു വീണിരുന്നു.
ആ സംഘർഷത്തിനിടെ എയർ ട്രാഫിക് കൺട്രോൾ കോപ്ടറിനെ ശ്രീനഗറിലേക്ക് തിരിച്ച് വിളിച്ചിരുന്നു. അതാണ് പിഴവായത്. കോപ്ടറിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. തിരിച്ചു വന്ന കോപ്ടറിനെ സുരക്ഷിതമായ സ്ഥാനത്ത് ഇറക്കാനും കഴിഞ്ഞില്ല. മാത്രമല്ല, ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാനുള്ള കോപ്ടറിലെ ഉപകരണം ഓഫാക്കിയിരുന്നു.
വിമാനങ്ങളിലും കോപ്ടറുകളിലും സ്ഥാപിച്ചിട്ടുള്ള ഈ ഉപകരണം പുറപ്പെടുവിക്കുന്ന പ്രത്യേക സിഗ്നലിൽ നിന്നാണ് അത് സ്വന്തമാണോ ശത്രുവാണോ എന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ വർഷം വ്യോമസേനയുടെ ഒരു ട്രാൻസ്പോർട്ട് വിമാനവും സുഖോയ് - 30 പോർവിമാനവും ആകാശത്തു വച്ച് അപകടത്തിന്റെ വക്കിലെത്തിയിരുന്നു. അതോടെയാണ് എല്ലാ വിമാനങ്ങളും ഈ ഉപകരണം ഓൺ ചെയ്‌തിടണം എന്നത് നിർബന്ധമാക്കിയത്. വ്യോമസേന ആ നിർദ്ദേശം നൽകിയെങ്കിലും ശ്രീനഗർ എയർബേസ് ഉപകരണം ഓഫ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.