coats-car-with-cow-dung

അഹമ്മദാബാദ്: രാജ്യത്ത് ദിവസേന ചൂട് വർദ്ധിച്ചുവരികയാണ്. മിക്ക നഗരങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. ഈ ചൂടുകാലം എങ്ങനെ പ്രതിരോധിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനായി നിരവധി മാർഗങ്ങളുമായി പലരും രംഗത്തെത്തുന്നുണ്ട്. അങ്ങനെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായ പുതിയ ഐഡിയയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഒരു യുവാവ്. ചൂടിൽ നിന്നും രക്ഷനേടാൻ തന്റെ കാറിന്റെ പുറംഭാഗം മുഴുവൻ ചാണകം പൂശുന്നതാണ് യുവാവിന്റെ പുതിയ ഐഡിയ. ഇങ്ങനെ ചെയ്താൽ ചൂടിൽ നിന്നും വളരെയധികം ആശ്വാസം ലഭിക്കുമെന്നാണ് രൂപേഷ് ഗൗരംഗ ദാസ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിലൂടെ പറയുന്നു. സേജൽ എന്ന ആളാണ് തന്റെ കാറിന്റെ മുകളിൽ ചാണകം പൂശിയിരിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്.

അതേസമയം,​ ചാണകം ഉപയോഗിച്ചാൽ ചൂട് കുറയുമോ എന്ന സംശയം പലർക്കുമുണ്ടെങ്കിലും ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇതിനിടെ ഏത്ര ലൈയർ ചാണകം പൂശുമ്പോഴാണ് തണുപ്പ് ലഭിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഉടമസ്ഥൻ എങ്ങനെ ചാണകത്തിന്റെ മണം സഹിക്കും എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാൽ​ പണ്ടുകാലങ്ങളിൽ വീട്ടിലെ നിലങ്ങളിലും ചുമരുകളിലും ചാണകം പൂശാറുണ്ടായിരുന്നു. അന്ന് ചാണകം പൂശുന്നതിലൂടെ വീട്ടിൽ ചൂടിൽ നിന്ന് രക്ഷനേടാൻ സാധിച്ചിരുന്നു.