റിയാദ് : സൗദി അറേബ്യയിൽ ആദ്യമായി സ്വദേശി സ്പോൺസറില്ലാതെ വിദേശികൾക്ക് തൊഴിലെടുക്കാനും താമസിക്കാനും അനുവദിക്കുന്ന പ്രിവിലേജ്ഡ് ഇഖാമയുടെ വിശദാംശങ്ങൾ വന്നു. സ്ഥിരം ഇഖാമയ്ക്ക് എട്ടു ലക്ഷം റിയാൽ ( ഒന്നര കോടി രൂപ ) ആണ് ഫീസ്. ഒരു വർഷത്തെ താത്കാലിക ഇഖാമയ്ക്ക് ഒരു ലക്ഷം റിയാൽ ( 18 ലക്ഷം രൂപ ) ആയിരിക്കും ഫീസ്.

സ്ഥിരം ഇഖാമ സംബന്ധിച്ച ശൂറാ കൗൺസിൽ നിർദ്ദേശം കഴിഞ്ഞ ആഴ്ചയാണ് സൗദി മന്ത്രിസഭ അംഗീകരിച്ചത്. സ്ഥിരം ഇഖാമ എല്ലാ രാജ്യക്കാർക്കും നൽകും. സൗദിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.

പ്രയോജനങ്ങൾ

ഫീസ് നൽകുന്ന ഏത് വിദേശിക്കും സ്ഥിരം ഇഖാമ ലഭിക്കും.

ഇവർക്ക് സൗദിയിൽ മുതൽ മുടക്കാം കുടുംബക്കാരെ ഒപ്പം താമസിപ്പിക്കാം

വീട്ടുജോലിക്കാരെയും തൊഴിലാളികളെയും റിക്രൂട്ട് ചെയ്യാം

മക്ക, മദീന തുടങ്ങിയ വിശുദ്ധ സ്ഥലങ്ങൾ ഒഴിച്ച് സൗദിയിൽ എവിടെയും വസ്തുവകകൾ സ്വന്തമാക്കാം.

മക്കയിലും മദീനയിലും 99 വർഷത്തേക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളാകാ.

രാജ്യത്തിനകത്തും പുറത്തും യഥേഷ്ടം സഞ്ചരിക്കാം. ഇതിനായി സ്പെഷ്യൽ പാസ്പോർട്ട് ഡെസ്കിനെ എയർപോർട്ടിൽ നിയമിക്കും.

നിബന്ധനകൾ

പാസ്‌പോർട്ട് ഉണ്ടായിരിക്കണം

സാമ്പത്തിക സ്ഥിതിയുടെ രേഖകൾ കൃത്യമായിരിക്കണം

21 വയസ് തികഞ്ഞിരിക്കണം.

പൊലീസ് ക്ളിയറൻസ്, ആരോഗ്യ സർട്ടിഫിക്കറ്റുകൾ വേണം

അപേക്ഷകൻ സൗദിയിൽ സ്ഥിരതാമസക്കാരനായിരിക്കണം.

ഫീസടച്ചാൽ 30 ദിവസത്തിനകം ഇഖാമ

രേഖകളിൽ പിഴവ്, കുറ്റകൃത്യത്തിന് 60 ദിവസത്തെ തടവ് 1,00,000 റിയാൽ പിഴ ശിക്ഷ തുടങ്ങിയ സാഹചര്യങ്ങളിൽ ഇഖാമ റദ്ദാക്കും