ജിദ്ദ:പുണ്യകേന്ദ്രങ്ങളായ മക്ക, ജിദ്ദ എന്നിവിടങ്ങൾ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ പ്രയോഗിച്ചെന്ന് കരുതുന്ന ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകർത്തു.
തിങ്കളാഴ്ച പുലർച്ചെ യെമൻ അതിർത്തിയിൽ നിന്നെത്തിയ മിസൈൽ മക്കയിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ത്വാഇഫ് നഗരത്തിന്റെ ആകാശത്ത് വച്ച് സൗദിയുടെ മിസൈൽ പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. തുടർന്ന് ജിദ്ദക്കുനേരെ തൊടുത്തുവിട്ട മിസൈൽ 70 കിലോമീറ്റർ അകലെ വച്ചും തകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കോ അപകടമോ ഇല്ലെന്നാണ് റിപ്പോർട്ട്. റംസാൻ തീർത്ഥാടനത്തിനിടെ പുണ്യനഗരമായ മക്കയുടെ നേർക്കുണ്ടായ ഭീകരാക്രമണ ശ്രമത്തെ അപലപിക്കുന്നതായി യെമൻ സർക്കാർ വ്യക്തമാക്കി.
ഇതിനിടെ, വിശുദ്ധ മെക്കയിലേക്ക് മിസൈലാക്രമണം നടത്തിയെന്ന വാർത്ത ഹൂതി വിമതർ നിഷേധിച്ചു. മക്കയും ജിദ്ദയും ലക്ഷ്യമാക്കി 2017ലും ഹൂതി മിസൈലാക്രമണ ശ്രമമുണ്ടായിരുന്നു.
4വർഷം 230 മിസൈലാക്രമണങ്ങൾ
നാല് വർഷം മുമ്പ് യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങി. ഇതോടെ ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമിട്ട് മിസൈൽ വർഷം ആരംഭിച്ചു. 230ഓളം മിസൈലുകളാണ് ഈ കാലയലവിൽ അവർ പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈൽ വേധ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സേന തകർത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തായിഫിൽവെച്ച് തകർത്തിരുന്നു.
അടിയന്തരയോഗം
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേയ് 30ന് മെക്കയിൽ സൗദിയിലെ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ഗൾഫ് ഭരണാധികാരികളുടെയും അറബ് നേതാക്കളുടെയും അടിയന്തരയോഗം ചേരും. അയൽരാജ്യങ്ങളെല്ലാം ചേർന്ന് ഒറ്റപ്പെടുത്തിയ ഖത്തറിന് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.