ആലപ്പുഴ: ഫലപ്രവചനങ്ങളുടെ കാലം. തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രവചിച്ച് ശ്രദ്ധേയനായൊരു ആലപ്പുഴക്കാരനുണ്ട്- തോട്ടക്കാട് എൻ. ഗോപാലകൃഷ്‌ണൻ നായർ. 2014-ൽ ബി.ജെ.പി ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം നേടി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തുമെന്നും, നേരത്തേ 2011- ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രിപദവും പ്രവചിച്ച് വാർത്തകളിലെത്തിയ ഗോലാപലകൃഷ്‌ണൻ നായരുടെ കണക്കുകൂട്ടലിൽ ഇക്കുറി ദേശീയതലത്തിൽ ബി.ജെ.പി ഒറ്റയ്‌ക്ക് 213 സീറ്റ് നേടും! ദേശീയ ജനാധിപത്യ സഖ്യത്തിന് 258 സീറ്റ് ലഭിക്കും. ബി.ജെ.പിക്ക് കേവലഭൂരിപക്ഷത്തിലെത്താൻ വലിയ ബുദ്ധിമുട്ട് വേണ്ടിവരില്ലെന്ന് ചുരുക്കം. മോദി പ്രധാനമന്ത്രിയാവുകയും ചെയ്യും.
ഗോപാലകൃഷ്‌ണൻ നായരുടെ മനക്കണക്ക് വെറും കണക്കല്ല. അളന്നു തൂക്കിയുള്ള കണക്കുതന്നെ. കാരണം, കേരളത്തിന്റെ പേരുകേട്ട ഗണിതശാസ്‌ത്ര ഗവേഷകനും അദ്ധ്യാപകനുമാണ് ഗോപാലകൃഷ്‌ണൻ നായർ. കേരള സർവകലാശാല സെനറ്റ് അംഗവും എൻ.സി.ഇ.ആർ.ടി ടീച്ചേഴ്സ് ഗൈഡ് കമ്മിറ്റി അംഗവുമായിരുന്നു. ദീർഘകാലമായി ഹയർ സെക്കൻഡറി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നു.
കേരളത്തിൽ യു.ഡി.എഫിന് 14- 15 സീറ്റും എൽ.ഡി.എഫിന് അഞ്ചു സീറ്റും പ്രവചിക്കുന്ന ഗോപാലകൃഷ്‌ണൻ നായരുടെ കണക്കിൽ, ബി.ജെ.പിക്ക് ഒരു സീറ്റിന് സാദ്ധ്യതയുണ്ട്. ആറ്റിങ്ങൽ, ആലപ്പുഴ, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കും. തിരുവനന്തപുരമാണ് ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള മണ്ഡലം. യു.ഡി.എഫിന് 86 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് 47 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഏഴ് മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കും.
ത്രിപുരയിൽ കഴിഞ്ഞ തവണ സി.പി.എം ജയിച്ച രണ്ടു സീറ്റിലും ഇത്തവണ ബി.ജെ.പി വിജയിക്കും. വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവർ മന്ത്രിമാരാകും. രാഹുൽഗാന്ധി വയനാട്ടിലും അമേഠിയിലും വിജയിക്കും. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്ത്, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയസിംഗ് എന്നിവർ പരാജയപ്പെടും. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിൽ വരും. വെറുതേ പ്രവചനം നടത്തുകയല്ല, വിവിധ മണ്ഡലങ്ങൾ സന്ദർശിച്ചും സുഹൃത്തുക്കളിൽ നിന്നും മറ്റും ഫോൺ മുഖേന വിവരങ്ങൾ ശേഖരിച്ചുമാണ് ഗോപാലകൃഷ്‌ണൻ നായരുടെ തിരഞ്ഞെടുപ്പു കണക്ക്.