ജമ്മു കശ്‌മീരിൽ ലേയിലെ ഡെപ്യൂട്ടി കമ്മിഷണർ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ഉത്തരവിറക്കി: സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ ശനിയാഴ്‌ചകളിൽ റോഡിലിറക്കരുത്. ഉദ്യോഗസ്ഥർ ബസിലോ സൈക്കിളിലോ ഓഫീസിൽ വരണം! ആദ്യം ചില്ലറ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും അവനി വിട്ടില്ലെന്നു മാത്രമല്ല, ഉത്തരവ് എല്ലാവരും അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അടുത്ത ഉത്തരവു കൂടി ഇറക്കി- ബസിലോ സൈക്കിളിലോ ഓഫീസിൽ വരുന്ന ഉദ്യോഗസ്ഥർ സവാരിയുടെ സെൽഫിയെടുത്ത് ഓഫീസർമാരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം!
അവനി ചെറിയ പുള്ളിയല്ലെന്ന് പിടികിട്ടിയല്ലോ. ഇപ്പോൾ ലേയിൽ തിരഞ്ഞെടുപ്പ് ഓഫീസർ ആയ അവനി ചില്ലറിക്കാരിയല്ലാത്തതിന് ഒരു ജനിതക കാരണം കൂടിയുണ്ട്. അതറിയാൻ അവനിയുടെ മുഴുവൻ പേര് അറിഞ്ഞാൽ മതി- അവനി ലവാസ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയുള്ള പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ അദ്ദേഹത്തിന് നോട്ടീസ് അയയ്‌ക്കണമെന്ന് നിലപാടെടുത്ത തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസയുടെ മകൾ. പെരുമാറ്റച്ചട്ട പരാതിയിൽ മോദിക്ക് ക്ളീൻ ചിറ്റ് നൽകിയ കമ്മിഷൻ ഉത്തരവിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്താത്തതിന്റെ പേരിൽ കമ്മിഷൻ യോഗങ്ങൾ ബഹിഷ്‌കരിച്ച വീരശൂരൻ. ആ വിത്തുഗുണം അവനി കാണിക്കാതിരിക്കുമോ?
അശോക് ലവാസ ഡൽഹിയിലിരുന്ന് ബി.ജെ.പിക്ക് നീരസമുണ്ടാക്കുന്ന നിലപാടെടുക്കുമ്പോൾ ജമ്മു കശ്‌മീരിൽ മകൾ അവനിയും അതേ പാതയിൽത്തന്നെ. കശ്‌മീരിൽ ബി.ജെ.പി അനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദ്ര റെയ്‌നയും എം.എൽ.സി വിക്രം രൺധാവയും മാദ്ധ്യമപ്രവർത്തകർക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ കേസെടുക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ ആയ അവനി ലവാസ ഉത്തരവിട്ടു. ബി.ജെ.പി നേതാക്കളെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു.
മേയ് രണ്ടിന് ലേയിൽ ബി.ജെ.പി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വച്ചാണ് പാർട്ടി നേതാക്കൾ മാദ്ധ്യമ പ്രവർത്തകർക്ക് കവറുകളിലാക്കിയ പണം വിതരണം ചെയ്‌തത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ ബി.ജെ.പിക്ക് അനുകൂലമായ വാർത്തകൾ പ്രസിദ്ധീകരിക്കണം. അത്രയേയുള്ളൂ ആവശ്യം. അവിടത്തെ പത്രപ്രവർത്തക സംഘടന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ലവാസയല്ലേ കസേരയിൽ- കേസെടുക്കാൻ നിർദ്ദേശവുമായി പരാതി നേരെ പൊലീസിലേക്ക്.
ക്രമക്കേട് നടത്തുന്നത് രാഷ്‌ട്രീയക്കാരല്ല, സൈനിക ഓഫീസർമാരാണെങ്കിലും അവനി കണ്ണടയ്‌ക്കില്ല. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് മറ്റു സ്ഥലങ്ങളിൽ നിയോഗിക്കപ്പെട്ട സൈനികരുടെ വോട്ട് മുതിർന്ന ഓഫീസർമാർ ചെയ്യുന്നുവെന്ന് ഒരു പരാതി രണ്ടു സ്ഥാനാർത്ഥികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കു നൽകി. അവനി സൈനിക മേധാവിക്ക് കത്തെഴുതി: രാജ്യത്തിന്റെ അതിർത്തി മാത്രം സംരക്ഷിച്ചാൽ പോരാ, ജനാധിപത്യത്തിന്റെ വിശുദ്ധിയും സംരക്ഷിക്കണം.
സൈനിക ഓഫീസർമാർ ചെയ്‌തത് കള്ളവോട്ട് ആയിരുന്നില്ല. തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജവാന്മാർക്ക് ബാലറ്റ് പേപ്പറുകൾ തപാലിൽ അയച്ചുകൊടുക്കുന്നതിനു പകരം അവ ഹെഡ്‌ക്വാർട്ടേഴ്സിൽ സൂക്ഷിച്ച്, വോട്ട് രേഖപ്പെടുത്തേണ്ടത് ആർക്കെന്ന് സൈനികരോട് ടെലിഫോണിൽ വിളിച്ചുചോദിക്കുകയാണ് ഓഫീസർമാർ ചെയ്‌തത്. പക്ഷേ, ആ ചട്ടലംഘനം അനുവദിച്ചുകൊടുത്തില്ല അവനി.
പത്രലേഖകർക്ക് കൈക്കൂലി നൽകിയെന്ന ആക്ഷേപം ബി.ജെ.പി നിഷേധിച്ചു. കവറിലിട്ടു നൽകിയത് ക്ഷണക്കത്താണെന്നായിരുന്നു പാർട്ടി നേതാക്കളുടെ വാദം. സൈനിക ഓഫീസർമാർക്ക് എതിരായ പരാതി, സൈന്യത്തെ മന:പൂർവം താറടിച്ചു കാണിക്കാനാണെന്ന് ബി.ജെ.പിയും സൈനിക മേധാവികളും ഒരുപോലെ അരോപിച്ചു. പക്ഷേ, ഒന്നുണ്ട്- അവനി സ്വീകരിച്ച കർശന നടപടികൾ ജമ്മു കശ്‌മീരിലെ വോട്ടർമാരിൽ സുതാര്യമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധവും ആത്മവിശ്വാസവും ജനിപ്പിച്ചു!
2012-ൽ അവനി ലവാസ ഐ.എ.എസ് നേടിയത് എൺപത്തിയെട്ടാം റാങ്കുകാരിയായാണ്. ജമ്മു കശ്‌മീർ കേഡർ. ശനിയാഴ്‌ചകളിൽ സർക്കാർ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി, പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാൻ സ്വീകരിച്ച നടപടിയും, തിരഞ്ഞെടുപ്പു പരാതികളിൽ സ്വീകരിച്ച കർശന നടപടിയും പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്തു. അവനിയെ ധീരവനിതയായി വാഴ്‌ത്തി. ഡൽഹിയിലിരുന്ന് അച്ഛനും ലേയിൽ ഇരുന്ന മകളും നടത്തുന്ന പോരാട്ടത്തിന്റെ 'ശിക്ഷ' എന്താകുമോ എന്തോ?