ചാലക്കുടി: സീറോ മലബാർ സഭയുടെ ഭൂമി ഇടപാടുകേസിന് പുതിയ പോർമുഖം തുറന്ന വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തുന്നതിന് മുരിങ്ങൂർ പള്ളിയിൽ പൊലീസ് നടത്തുന്ന പരിശോധന ഇന്നലെയും തുടർന്നു. വൈകിട്ട് മൂന്നു വരെ പരിശോധനകൾ നടത്തിയ സംഘം കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. സാൻജോ നഗർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരന്റെ ഔദ്യോഗിക മുറിയിലാണ് ആലുവ ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഫാ. കല്ലൂക്കാരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് പൊലീസിനു മുമ്പാകെ കീഴടങ്ങുമെന്നാണ് വിവരം.

സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കമ്പ്യൂട്ടറിലെ രേഖകൾ പരിശോധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഓഫീസിന്റെ താഴ് തകർത്ത് പൊലീസ് അകത്തുകടന്നത്. തിങ്കളാഴ്ച രാത്രി തന്നെ മറ്റു മുറികളും തുറന്നു പരിശോധിച്ചു. വൻ പൊലീസ് സന്നാഹത്തിലായിരുന്നു റെയ്ഡ്. വിവരമറിഞ്ഞ് ആയിരത്തോളം വിശ്വാസികളും പള്ളിയിലെത്തി. ആദ്യം ഇവർ പ്രതിഷേധിച്ച് നിന്നെങ്കിലും പീന്നീട് ഉദ്യോഗസ്ഥരുടെ നടപടിയോട് സഹകരിച്ചു. ഇതിനിടെ കൂട്ടപ്രാർത്ഥനയിൽ മുഴുകിയ നൂറോളം സ്ത്രീകൾ അർദ്ധരാത്രിയോടെ തിരിച്ചുപോയി.

വികാരിയുടെ ഓഫീസ് മുറിയിൽ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല. സ്റ്റോർ മുറിയിലെ കമ്പ്യൂട്ടറാണ് മണിക്കൂറുകളോളം ഉദ്യോഗസ്ഥർ പരിശോധിച്ചത്. അങ്കമാലി സി.ഐ പി.ആർ. ബിജോയ്, ചാലക്കുടി സി.ഐ ജെ. മാത്യു, കൊരട്ടി എസ്.ഐ രാമു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.