dam

ചെറുതോണി:പ്രളയത്തെത്തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്ന്വിട്ടത്കൊണ്ട് അണക്കെട്ടിന് യാതൊരുവിധ ബലക്ഷയവും ഉണ്ടായിട്ടില്ലെന്ന് ഡാംസേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റീസ് ആർ.രാമചന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിലയിരുത്തി. ഇടുക്കി-ചെറുതോണി അണക്കെട്ടുകളിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. എല്ലാവർഷവും ജൂൺ മാസത്തിന് മുമ്പ് നടത്താറുള്ള പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സംഘമെത്തിയതെങ്കിലും പ്രളയത്തിന് ശേഷമുള്ള ആദ്യപരിശോധന എന്ന നിലയിൽ ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു.

ഇടുക്കി-ചെറുതോണി അണക്കെട്ടുകളും പരിസരവും അണക്കെട്ടിനുള്ളിലും സംഘം പരിശോധന നടത്തി. മഴക്കാലത്തിനുമുന്നോടിയായി ഷട്ടറുകളുടെയും ഗേറ്റുകളുടെയും സുഗമമായ പ്രവർത്തനത്തിനാവശ്യമായ ഓയിൽ ഇടുക . റബ്ബർബുഷുകൾ മാറുക തുടങ്ങി ചെറിയ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ചെയർമാൻ ജസ്റ്റീസ്. ആർ. രാമചന്ദ്രൻ പറഞ്ഞു. ഈ വർഷമുണ്ടായ അമിതമായ ചൂടുമൂലം അണക്കെട്ടിന് വ്യതിയാനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അണക്കെട്ടുകൾക്ക് വെള്ളപെയിന്റടിച്ചതുകൊണ്ട് ഒരുപരിധിവരെ അമിതചൂട് തടയാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡാംസുരക്ഷാ അതോറിറ്റി അംഗങ്ങളായ ജോർജ്ജ് ജോസഫ്, പ്രൊഫ: ജയരാജ്, കെ.എസ്.ഇ.ബി. ചീഫ് എൻജിനിയർ ബിബിൻ ജോസ്, മെക്കാനിക്കൽ ചീഫ് എൻജിനിയർ വി.എസ്.ഷാജി., സബ് എൻജിനിയർ പി.ജയ, ഇലക്ട്രിക്കൽ എൻജിനിയർ ശ്രീലത, എം.വി.ഐ.പി. എക്സിക്യുട്ടീവ് എൻജിനിയർ സിനോഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.