tirong-aboh
t

ഇറ്റാനഗർ: അരുണാചൽ പ്രദേശ് നിയമസഭാംഗവും അദ്ദേഹത്തിന്റെ മകനുമടക്കം 11 പേരെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. 2 പേർക്ക് ഗുരുതര പരിക്കേറ്റു. എൻ.പി.പിയുടെ എം.എൽ.എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസാമിൽ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എൻ.എസ്.എൻ ഐ.എം വാഹനവ്യൂഹം തടഞ്ഞു നിറുത്തി വെടിവയ്ക്കുകയായിരുന്നു.

ഇറ്റാനഗറിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള ബൊഗപാനി ഏരിയയിൽ വച്ചായിരുന്നു സംഭവം.

തിരോങ് അബോയ്ക്ക് നേരത്തേ വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൂന്നു കാറുകളിലായിരുന്നു എം.എൽ.എ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്നത്. തിരോങ് അബോ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരുന്നു. സംഘത്തിലുള്ള എല്ലാവരും കൊല്ലപ്പെട്ടെന്നാണ് വിവരങ്ങൾ.

അതേസമയം പ്രദേശത്ത് അസാം റൈഫിൾ ഭീകരവിരുദ്ധ നടപടികൾ തുടങ്ങി. ആക്രമണം നടത്തിയവരെ കണ്ടെത്താൻ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, മേഘാലയ മുഖ്യമന്ത്രി കൊണാർഡ് സാഗ്മ എന്നിവർ അപലപിച്ചു. അക്രമികൾക്കെതിരെ കേന്ദ്രസർക്കാർ നടപിയെടുക്കണമെന്ന് സാഗ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട തിരോംഗ് അബോ സാഗ്മ നേതാവായുള്ള എൻ.പി.പിയിലെ അംഗമാണ്.