coast-guard

മുംബയ്: 600 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഗുജറാത്ത് തീരത്തെത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. 200 കിലോ ഹെറോയിനുമായി എത്തിയ 'അൽ മദീന" എന്ന ബോട്ടാണ് പിടികൂടിയതെന്നും അതിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു.

പാക് ബോട്ടിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ കാത്തുനിന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ശേഖരവുമായി പാക് മത്സ്യബന്ധന ബോട്ട് എത്തുന്നുവെന്ന രഹസ്യ വിവരം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിനാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് കപ്പലുകൾ അറബിക്കടലിൽ നിലയുറപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അധികൃതരുടെ കണ്ണിൽപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പാക് ബോട്ടിനെ കോസ്റ്റ്ഗാർഡ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോടികൾ വിലവരുന്ന മയക്കുമരുന്ന് പാക് ബോട്ടിലുണ്ടായിരുന്നവർ കടലിൽ എറിഞ്ഞെങ്കിലും എല്ലാം വീണ്ടെടുക്കാൻ കോസ്റ്റ്ഗാർഡിന് കഴിഞ്ഞു. 195 പൊതികളിലായാണ് 200 കിലോഗ്രാം ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

രണ്ട് മാസത്തിനിടെ കോസ്റ്റ് ഗാർഡ് നടത്തുന്ന രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മാർച്ചിൽ ഗുജറാത്ത് തീരത്തുനിന്ന് 300 കോടിയോളം രൂപ വിലവരുന്ന 100 കിലോ ഹെറോയിൻ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.