ഓറിയന്റൽ ബാങ്ക്, ആന്ധ്രാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചേക്കും
കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടിയുമായി വീണ്ടും കേന്ദ്രസർക്കാർ. ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, ആന്ധ്രാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കാനാണ് പുതിയ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ കാലയളവിൽ സ്‌റ്രേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ഉൾപ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ മാതൃബാങ്കായ എസ്.ബി.ഐയിലും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഒഫ് ബറോഡയിലും ലയിപ്പിച്ചിരുന്നു. ഭാരതീയ മഹിളാ ബാങ്കിനെയും എസ്.ബി.ഐയിൽ ലയിപ്പിച്ചു.
മറ്റൊരു ബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികൾ എൽ.ഐ.സിയും ഏറ്റെടുത്തിരുന്നു. രണ്ടോ മൂന്നോ ബാങ്കുകളെ മൂന്നു മാസത്തിനകം പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. കേന്ദ്രത്തിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയാൽ ലയന നടപടികൾ വേഗത്തിലാക്കിയേക്കും. നിലവിൽ ഇന്ത്യയിൽ 20 പൊതുമേഖലാ ബാങ്കുകളുണ്ട്. ലയനത്തിലൂടെ ഇത് പത്തിൽ താഴെയായി നിറുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കിട്ടാക്കട വർദ്ധനമൂലം സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകൾക്ക് 2.11 ലക്ഷം കോടി രൂപയുടെ മൂലധന സഹായം മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 12 ബാങ്കുകൾക്കായി 48,239 കോടി രൂപ വിതരണം ചെയ്‌തു. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ബാങ്കുകൾക്ക് നൽകുന്നതിനോട് മോദി സർക്കാരിന് താത്പര്യക്കുറവുണ്ട്. ബാങ്കുകളുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ഈ ബാദ്ധ്യത സർക്കാരിന് ഒഴിവാക്കാം. കിട്ടാക്കടം തരണം ചെയ്യാൻ പരാജയപ്പെട്ട ബാങ്കുകൾക്കുമേൽ റിസർവ് ബാങ്കെടുത്ത ശിക്ഷാനടപടിയായ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) ഒഴിവാക്കുകയും സർക്കാരിന്റെ ലക്ഷ്യമാണ്.