election-2019

ന്യൂഡൽഹി: ബീഹാർ, ഹരിയാന, യു.പി എന്നിവിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമുകളുടെ പരിസരത്ത്,​ സംശയാസ്‌പദമായി സ്വകാര്യ വാഹനങ്ങളിൽ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ പിടികൂടി. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.

ബീഹാറിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിനടുത്തുനിന്ന് ലോറിയിൽ എത്തിച്ച യന്ത്രങ്ങൾ ആ‌ർ.ജെ.ഡി,​ കോൺഗ്രസ് പ്രവർത്തകർ പിടികൂടുകയായിരുന്നു. ഹരിയാനയിലെ ഫത്തേബാദിൽ സ്ട്രോംഗ് റൂമിനടുത്തുനിന്ന് ലോറിയിൽ എത്തിച്ച യന്ത്രങ്ങൾ പിടികൂടിയതിനു പിന്നാലെയാണ് ഇത്.

യു.പിയിലെ ഗാസിപൂരിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേക്കെത്തിച്ച ഇ.വി.എമ്മുകൾ ബി.എസ്.പി പ്രവർത്തകർ തടഞ്ഞു. ഒരു വാൻ നിറയെ യന്ത്രങ്ങൾ എത്തിച്ചതായും തങ്ങൾ വാഹനം തടഞ്ഞതായും ബി.എസ്.പി സ്ഥാനാർത്ഥി അഫ്സൽ അൻസാരി ആരോപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബി.എസ്.പി പ്രവർത്തകർ സ്‌ട്രോംഗ് റൂമിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഉത്തർപ്രദേശിലെ ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ വോട്ടിംഗ് മെഷീനുകൾ എത്തിക്കുന്നതിന്റെയും വാഹനത്തിൽ നിന്ന് ഇറക്കി കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൂത്തുകളിൽ കൂടുതലായി കരുതിയിരുന്ന 35 മെഷീനുകൾ തിരികെ എത്തിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും ഗതാഗതടസം മൂലമാണ് ഇവ എത്തിക്കാൻ വൈകിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഉത്തർപ്രദേശിലെ ദൊമാരിയഗഞ്ചിൽ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകൾ സ്‌ട്രോംഗ് റൂമിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് എസ്.പി, ബി.എസ്.പി പ്രവർത്തകർ തടഞ്ഞിരുന്നു.

ബിഹാറിലെ സരൺ മണ്ഡലത്തിൽ വോട്ടിംഗ് മെഷീനുകൾ വാഹനത്തിൽ നീക്കുന്നതിന്റെ ദൃശ്യങ്ങൾ ആർ.ജെ.ഡി പുറത്തുവിട്ടു. മഹാരാജ്ഗഞ്ച് മണ്ഡലത്തിലും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലേക്ക് വാഹനം നിറയെ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചത് ആർ.ജെ.ഡി, കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബി.ഡി.ഒയുടെ നേതൃത്വത്തിലാണ് യന്ത്രങ്ങൾ എത്തിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സമാനമായ ആരോപണങ്ങൾ ഉയരുന്നുണ്ട്.

അടിസ്ഥാനരഹിതം:

കമ്മിഷൻ

വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ശരിയായ സുരക്ഷയും നടപടിക്രമങ്ങളും പാലിച്ചാണ് ഇ.വി.എമ്മുകൾ കൈകാര്യം ചെയ്യുന്നത്. സ്ഥാനാർത്ഥികൾക്കും പ്രതിനിധികൾക്കും മുന്നിൽവച്ചാണ് വോട്ടിങ് മെഷീനുകൾ സീൽ ചെയ്യുന്നത്. അത് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. സ്‌ട്രോംഗ് റൂമുകളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് സ്‌ട്രോംഗ് റൂമുകൾ നിരീക്ഷിക്കാനും അനുമതിയുണ്ട്

ഉത്കണ്ഠയുണ്ട്:

പ്രണബ് മുഖർജി

വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ജനവിധി അട്ടിമറിക്കപ്പെടരുതെന്നും വിശ്വാസ്യത ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന ഗുരുതരമായ ആരോപണമുയർന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ യാതൊരു സംശയത്തിനും ഇടവരുത്തരുത്. ജനവിധി പരമപവിത്രമാണ്. അത് സംശയങ്ങൾക്ക് അതീതമാവണം.