arunachal-pradesh-mla

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ എം.എൽ.എയും മകനുമടക്കം പതിനൊന്നു പേരെ ഭീകരവാദികൾ വെടിവച്ചു കൊന്നു. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻ.പി.പി) എം.എൽ.എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. അസമിൽ നിന്നു വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കുനേരെ ആക്രമണം നടന്നത്. മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിന് അകമ്പടി ഉണ്ടായിരുന്നത്. അതിലൊരു കാർ ഓടിച്ചിരുന്നത് അബോയുടെ മകനാണെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ നാഗാ തീവ്രവാദികളായ എൻ.എസ്സി.എൻ (ഐ.എം) ആണെന്നാണ് സൂചന.

കാറുകൾ തടഞ്ഞുനിർത്തിയ ഭീകരവാദികൾ എം.എൽ.എയ്ക്കും സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് അസം റൈഫിൾസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അരുണാചൽ മുഖ്യമന്ത്രി പെമാ ഖണ്ഡുവും മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് സാങ്മയും ആക്രമത്തെ അവലപിച്ചു. അതേസമയം, അബോയ്ക്ക് മുൻപും വധഭീഷണി ലഭിച്ചിരുന്നതായി പൊലീസ് അറിയിച്ചു.