അഹമ്മദാബാദ്: റാഫേൽ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ നൽകിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകൾ പിൻവലിക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തീരുമാനിച്ചു. അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിൻവലിക്കാനൊരുങ്ങുന്നത്. ഈ വിവരം എതിർകക്ഷികളെ അറിയിച്ചിട്ടുണ്ടെന്ന് വാദിഭാഗം അഭിഭാഷകൻ രാകേഷ് പരീഖ് വാർത്താ ഏജൻസിയോട് പറഞ്ഞു. വേനലവധിക്കുശേഷമാവും കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ കോടതി തുടങ്ങുക.
റാഫേൽയുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പിനും ചെയർമാൻ അനിൽ അംബാനിക്കുമെതിരെ അപകീർത്തികരവും മാനനഷ്ടമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർക്ക് എതിരായ കേസ്. റാഫേൽ കരാർ സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തിയതിന് പത്ത് ദിവസം മുമ്പാണ് റിലയൻസ് ഡിഫൻസ് എന്ന കമ്പനിക്ക് അനിൽ അംബാനി രൂപംനൽകിയതെന്ന വാർത്ത നൽകിയതിനാണ് നാഷണൽ ഹെറാൾഡിനെതിരെ മാനനഷ്ടക്കേസ് നൽകിയത്.