anil-ambani-

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ അനിൽ അംബാനി നൽകിയ 5000 കോടിയുടെ മാനനഷ്ടകേസ് പിൻവലിച്ചു. റാഫേൽ വിമാന ഇടപാടുമായി സംബന്ധിച്ച് പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് അഹമ്മദാബാദ് കോടതിയിൽ നൽകിയ പരാതിയാണ് പിൻവലിച്ചത്. കേസുകൾ പിൻവലിക്കാൻ പോവുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി പരാതിക്കാരുടെ അഭിഭാഷകൻ രസേഷ് പരീഖ് പറഞ്ഞുവെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.


കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ രൺദീപ്സിംഗ് സുർജേവാല, സുനിൽ ജാഖർ, അശോക് ചവാൻ, അഭിഷേക് മനു സിംഗ്‌വി സഞ്ജയ് നിരുപം, ശക്തിസിംഗ് ഗോഹിൽ തുടങ്ങിയവർക്കെതിരേയും ചില മാദ്ധ്യമപ്രവർത്തകർക്കെതിരേയുമായിരുന്നു മാനനഷ്ട നൽകിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയൻസ് ഡിഫൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് എയറോസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയൽ ചെയ്തത്.

നാഷണൽ ഹെറാൾഡ് എഡിറ്റർ സഫർ ആഗ, വിവാദത്തിനാസ്പദമായ ലേഖനമെഴുതിയ വിശ്വദീപക് എന്നിവർക്കെതിരേയും കേസുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുൻപാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിവാദത്തിനിടയാക്കിയത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്. വേനലവധി കഴിഞ്ഞശേഷം കോടതി ചേരുമ്പോൾ കേസ് പിൻവലിക്കാനാണു നീക്കം.