തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് വിജയസാദ്ധ്യതയുള്ള പ്രധാനപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ ദിവസം പുറത്തുവിട്ട മിക്ക എക്സിറ്റ് പോളുകളും കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഡി.എ വെന്നിക്കൊടി പാറിക്കുമെന്നാണ് ബി.ജെ.പിയും കണക്കുകൂട്ടുന്നത്. എന്നാൽ തിരുവനന്തപുരത്ത് താമര വിരിയില്ലെന്നും മറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി. ദിവാകരൻ 15,000ത്തിൽ പരം വോട്ടുകൾക്ക് വിജയിക്കുമെന്നുമാണ് സി.പി.ഐ ജില്ലാ നേതാക്കളുടെ വിലയിരുത്തൽ.
ദിവാകരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന എക്സിറ്റ് പോൾ ഫലത്തെ പാടെ തള്ളുകയാണ് സി.പി.ഐ ജില്ലാ നേതാക്കൾ. കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അവർ വിലയിരുത്തുന്നു. നിയോജക മണ്ഡലം തലത്തിൽ നടത്തിയ അവലോകനം വിലയിരുത്തിയാണ് ദിവാകരൻ വിജയിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്തെ നിയമസഭാ മണ്ഡലങ്ങളായ കഴക്കൂട്ടം, കോവളം, പാറശ്ശാറ തുടങ്ങിയ മണ്ഡലങ്ങളിൽ സി.പി.ഐ സ്ഥാനാർത്ഥി മുന്നിലെത്തും. നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഒന്നാമതെത്താനാണ് സാധ്യതയെന്നും സി.പി.ഐ ജില്ലാ നേതൃത്വം വിലയിരുത്തുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ദിവാകരന്റെ വിജയത്തിന് നിർണായകമാകും. തിരുവനന്തപുരത്ത് കുമ്മനത്തന് ലീഡ് ലഭിക്കുമ്പോൾ അത് മറികടക്കാൻ കഴക്കൂട്ടത്തേയും പാറശ്ശാലയിലേയും വോട്ടുകളിലൂടെ പറ്റുമെന്നും അവർ പറയുന്നു.
സി.പി.ഐയുടെ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണവും ദിവാകരന് ഗുണം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സ്ഥിതി മാറിയെന്നും ഒ രാജഗോപാലിന് കിട്ടിയ പിന്തുണ പോലും കുമ്മനത്തിന് ലഭിക്കില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിൽ സജീവമായി ഇടപെടാത്തതും കുമ്മനത്തിന് തിരിച്ചടിയാകുമെന്നും സി.പി.ഐ വിലയിരുത്തുന്നു.