ഗോമതി മരുന്നടിച്ചു
ന്യൂഡൽഹി : ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയ തമിഴ്നാട്ടുകാരിയായ അത്ലറ്റ് ഗോമതി മാരിമുത്തു ഉത്തേജക പരിശോധനയിൽ കുടുങ്ങി. ഗോമതിയുടെ 'എ' സാമ്പിൾ പരിശോധനയിൽ ഉത്തേജക സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. 'ബി' സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ നാലു വർഷം വരെ വിലക്ക് ലഭിക്കാം.
കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിനിടെ ശേഖരിച്ച സാമ്പിളിലും ഉത്തേജക സാന്നിദ്ധ്യം കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി അത്ലറ്റിക് ഫെഡറേഷനെ അറിയിക്കാൻ വൈകിയതിനാലാണ് താരത്തെ ലോക ചാമ്പ്യൻഷിപ്പിനയച്ചത് എന്ന് റിപ്പോർട്ടുണ്ട്.
ദേശീയ ക്യാമ്പിൽ അംഗമല്ലാതിരുന്ന ഗോമതി ഫെഡറേഷൻ കപ്പിൽ സ്വർണം നേടിയത് സംശയമുണർത്തിയിരുന്നു.
ബി.സി.സി.ഐ തിരഞ്ഞെടുപ്പ് ഒക്ടോബർ 22 ന്
ന്യൂഡൽഹി : ഇന്ത്യൻക്രിക്കറ്റ് കൺട്രോൾ ബോർഡ് ഭരണാധികാരികളെ നിശ്ചയിക്കാനായി ഈ വർഷം ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സുപ്രീം കോടതി നിയോഗിച്ച താൽക്കാലിക ഭരണ സമിതി അറിയിച്ചു. 2017 ലാണ് ബി.സി.സി.ഐ ഭരണ സമിതി പിരിച്ചുവിട്ട് ബി,സി.സി.ഐ വിനോദ് റായ് അദ്ധ്യക്ഷനായ താത്കാലിക സമിതിയെ നിയോഗിച്ചത്. ലോധ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുകയായിരുന്നു താത്കാലിക സമിതിയുടെ ചുമതല.
മറഡോണയ്ക്ക് ശസ്ത്രക്രിയ
ബ്യൂണസ് അയേഴ്സ് : അർജന്റീനിയൻ ഇതിഹാസ ഫുട്ബാളർ ഡീഗോ മറഡോണ തോളിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. മെക്സിക്കോയിൽ ക്ളബ് ടീം ഡോറഡോസിനെ പരിശീലിപ്പിക്കുന്ന മറഡോണ ശസ്ത്രക്രിയയ്ക്കായി ഉടൻ ബ്യൂണസ് അയേഴ്സിലേക്ക് തിരിക്കും. കഴിഞ്ഞ ജനുവരിയിൽ മറഡോണയ്ക്ക് ഉദര ശസ്ത്രക്രിയ നടത്തിയിരുന്നു.