തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത് രംഗത്ത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ ഒരു ചിത്രത്തിന്റെ പ്രിവ്യൂവിൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി രേവതി സമ്പത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നടൻ സിദ്ദിഖും കെ.പി.എ.സി ലളിതയും മാദ്ധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചാണ് രേവതിയുടെ കുറിപ്പ്.
നേരത്തെ, രാജേഷ് ടച്ച്റീവർ എന്ന സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. രാജേഷ് ടച്ച്റീവറിൽ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്ന് രേവതി ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. രാജേഷിന്റെ ബഹുഭാഷാ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി സമ്പത്ത്.