സ്കൂൾ തുറക്കാറായി. ഇനി കുട്ടികൾ പഠനത്തിരക്കുകളിലേക്ക് . കളിയും വ്യായാമവും അവധിക്കാലത്തിന്റേതു മാത്രമായി ചുരുക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കളികളും കായികവിനോദങ്ങളും കുട്ടിയുടെ ബുദ്ധിവികാസം, ആരോഗ്യം, ശാരീരികക്ഷമത, പേശീബലം, രോഗപ്രതിരോധശക്തി എന്നിവ ഉറപ്പാക്കുന്നു .
ദിവസവും അൽപ്പസമയം കളികൾക്കും കായികവിനോദങ്ങൾക്കുമായി മാറ്രിവയ്ക്കണം. പഠനം കഴിഞ്ഞുള്ള സമയം മൊബൈൽ ഫോണിനും കമ്പ്യൂട്ടറിനും ലാപ് ടോപ്പിനും മുന്നിൽ ചടഞ്ഞിരിക്കാൻ അനുവദിക്കരുത്. ആഴ്ചയിലൊരിക്കൽ പൂന്തോട്ട പരിപാലനം, കൃഷി, കാഠിന്യമില്ലാത്ത വീട്ടുജോലികൾ എന്നിവയിൽ അവരുടെ സഹായം തേടുക. ഇത് മാനസികോന്മേഷവും വ്യായാമവും ഉറപ്പാക്കാൻ സഹായിക്കും. കുടുംബത്തോടൊപ്പമുള്ള നടത്തം, സൈക്ളിംഗ് എന്നിവയിലും ഇടവിട്ട ദിവസങ്ങളിലെങ്കിലും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.
കരാട്ടെ, കുങ് ഫു എന്നിവ പരിശീലിപ്പിക്കുന്നത് ഊർജ്ജസ്വലതയും ആരോഗ്യവും നൽകും. ആഴ്ചയിലൊരിക്കൽ കുട്ടികളുമായി ബീച്ച് , പാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കുക. ബാസ്കറ്റ് ബാൾ, ബാഡ്മിന്റൺ, നീന്തൽ എന്നിവ വ്യായാമം ഉറപ്പാക്കും.