food

കോഴിക്കോട്: സിനിമാ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള പുതിയറയിലെ ' ദേ പുട്ട് ' ൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴി ഇറച്ചിയും ഐസ് ക്രീമും കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ പിടിച്ചെടുത്തു.ഇതോടൊപ്പം ദേ പുട്ടിന്റെ അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.

കോഴി ഇറച്ചി അഴുകിയ നിലയിലും ഐസ് ക്രീം കാലാവധി കഴിഞ്ഞതുമായിരുന്നു.

ഇന്നലെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് ദേ പുട്ടിലും പരിശോധന നടത്തിയത്. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന കാഴ്ചയാണ് ദേ പുട്ടിൽ കണ്ടത്. ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.

പൊതുജനാരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തിയതിന് കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ പറഞ്ഞു.

അഴുകിയ കോഴി ഇറച്ചിയും കാലാവധി കഴിഞ്ഞ ഐസ് ക്രീമും പിടിച്ചെടുത്തു