കോഴിക്കോട്: ബീഹാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തിൽ. കഴിഞ്ഞ ദിവസം പട്നയിൽ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്ക് വൻ യാത്രാ ക്ലേശമാണ് നേരിടേണ്ടിവന്നത്. പട്ന എറണാകുളം എക്‌സ്‌പ്രസിൽ 114 പേർക്ക് മാത്രം ഇരിക്കാവുന്ന ജനറൽ കംപാർട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. മൂന്ന് ദിവസമാണ് ഈ ട്രെയിനിൽ യാത്ര ചെയ്യേണ്ടത്.
കടുത്ത ചൂടിൽ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പൊലീസുകാർക്ക് ഒന്നു കിടന്നുറങ്ങാൻ പോലും ട്രെയിനിൽ രക്ഷയില്ല. ബിഹാറിൽ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവരാണ് ഇവർ. പൊലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നൽകാനുള്ള സൗമനസ്യം പോലും തിരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പൊലീസുകാർ പറയുന്നു.
ജനറൽ കംപാർട്മെന്റായതിനാൽ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്. സി.ആർ.പി.എഫിനു കീഴിലാണ് കേരളത്തിൽ നിന്നുള്ള കെപി–1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കോട്ടയത്തു നിന്നുള്ളവരാണ് കെപി–5 ബറ്റാലിയൻ. കെപി–1 ൽ എറണാകുളം കേന്ദ്രീകരിച്ചുള്ള പൊലീസ് സേനയാണ്.
ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. ഇവർ ഏപ്രിൽ 26 ന് തൃശൂരിൽ നിന്നാണ് യാത്ര തിരിച്ചത്. നാല് ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രിൽ 30ന് ബിഹാറിൽ ഇവരെ എത്തിച്ചത്. അന്നും ഇവർക്ക് ജനറൽ കംപാർട്മെന്റാണ് നൽകിയിരുന്നത്. തിരിച്ചുവരുമ്പോൾ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പർ ക്ലാസെങ്കിലും ഒരുക്കണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനും സി.ആർ.പി.എഫും തള്ളിക്കളഞ്ഞതായി പൊലീസുകാർ പറയുന്നു.