bjp

തിരുവനന്തപുരം : രാജ്യം ആരു ഭരിക്കുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കവേ കേരളത്തിൽ ബി.ജെപി വൻ മുന്നേറ്റം നടത്തുമെന്നതിൽ സംശയം ഒട്ടുമില്ലെന്ന് സംസ്ഥാന അദ്ധക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. എക്സിറ്റ് പോൾ പ്രവചനങ്ങളിലും കേരളത്തിൽ ഇക്കുറി താമര വിരിയുമെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലടക്കം വോട്ടർമാരുടെ മനസിലെ വികാരങ്ങൾ ബി.ജെ.പിക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയാണ് ശ്രീധരൻ പിള്ളയ്ക്കുള്ളത് .


ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നേതൃത്വവുമായി അടുക്കുവാൻ ബി.ജെ.പിക്കായതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചന ബി.ജെ.പി നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. എൻ.എസ്.എസ് പതിവുപോലെ സമദൂര നയം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചുവെങ്കിലും എൻ.എസ്.എസിൽ നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചുവെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ സാക്ഷ്യപ്പെടുത്തുന്നു.

namajapam

കേരളത്തിൽ പതിനേഴ് ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കുറി അഞ്ച് മുതൽ ഏഴ് മണ്ഡലങ്ങളിൽ വരെ മൂന്ന് ലക്ഷത്തിന് പുറത്ത് വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥികൾ സ്വന്തമാക്കുമെന്നും അദ്ദേഹം ഉറപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുന്നേറ്റത്തിൽ ശബരിമലയ്ക്ക് പങ്കുണ്ടെന്നും എന്നാൽ നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ച ജനം ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറയുന്നു. കേരളത്തിൽ ഹിന്ദു സമുദായത്തിന്റെ പിന്തുണ കൂടുതൽ ലഭിച്ചിരുന്നത് സി.പി.എമ്മിനാണ്. എന്നാൽ ഇക്കുറി ശബരിമല സ്ത്രീ പ്രവേശനത്തിന് കൂട്ടുനിന്നതിലൂടെ അവർക്ക് ആ പിന്തുണ നഷ്ടമാവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.