manjeri-medical-college

തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴുവയസുകാരന് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആരോഗ്യമന്ത്രി കെ.കെ.ഷെെലജയാണ് സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ട് കേരള എസ്‌റ്റേറ്റ് തയ്യിൽ മജീദ് -ജഹാൻ ദമ്പതികളുടെ മകൻ മുഹമ്മദ് ഡാനിഷിനെ(ഏഴ്) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്.

മണ്ണാർക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകൻ ധനുഷിനാണ് (ആറ്) ഹെർണിയയ്‌ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ഡാനിഷിന് മൂക്കിലെ ദശ മാറ്റാനാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ഡാനിഷിന്റെ ഓപ്പറേഷൻ കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിന്റെ അടിഭാഗത്ത് ഓപ്പറേഷൻ ചെയ്തതായി രക്ഷിതാക്കൾ കണ്ടത്. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വീണ്ടും തിയേറ്ററിൽ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റാനുള്ള ശസ്ത്രക്രിയ നടത്തി.

തിയേറ്ററിൽ കയറ്റിയപ്പോൾ കുട്ടിക്ക് ഹെർണിയ കണ്ടെത്തിയെന്നും ഉടനെ ഓപ്പറേഷൻ നടത്തിയെന്നുമാണ് ഡോക്ടറുടെ വാദം. എന്നാൽ,​ ഹെർണിയയ്ക്കുള്ള ഓപ്പറേഷൻ ചെയ്യും മുമ്പ് തങ്ങളോട് അനുമതി വാങ്ങിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. അഞ്ചുമാസമായി ഒ.പിയിൽ ചികിത്സയിലുള്ള ഡാനിഷിനെ തിങ്കളാഴ്ച രാവിലെയാണ് പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുമ്പ് രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരിൽ സാമ്യം വന്നതാണ് രോഗിയെ മാറാൻ ഇടയാക്കിയതെന്ന് കരുതുന്നു.

ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ അധികൃതർക്ക് പരാതി നൽകി. ജനുവരി 21നാണ് ഡാനിഷ് ആദ്യം ചികിത്സ തേടി ആശുപത്രിയിലെത്തിയത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് തീയതി കുറിച്ച് നൽകി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡോക്ടർ നന്ദകുമാർ പറഞ്ഞു.