തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി ചീഫ് ഇലക്ഷൻ ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ 63 കൗണ്ടിംഗ് ഓഫീസർമാരെയാണ് വോട്ടെണ്ണലിന്റെ ചുമതലയ്‌ക്ക് നിയോഗിച്ചിട്ടുള്ളതെന്ന് മീണ അറിയിച്ചു. ഇതുകൂടാതെ 140 അഡീഷണൽ റിട്ടേണിംഗ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നടപടികൾ വേഗത്തിലാക്കാൻ അത് സഹായകരമാകുമെന്നും മീണ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിന്റെ സുവിധ പോർട്ടൽ വഴി വോട്ടെണ്ണലിന്റെ വിശദാംശങ്ങൾ അതാത് സമയം അറിയാം. ഓരോ റൗണ്ട് കഴിയുമ്പോഴും ഫലവിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇതിനു ശേഷം മാത്രമാകും അടുത്ത് റൗണ്ട് എണ്ണാൻ ആരംഭിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ വ്യത്യാസം വന്നാൽ ആ ടേബിളിലെ വോട്ടെണ്ണൽ യന്ത്രം മാറ്റിവയ്‌ക്കും. അവസാന റൗണ്ടിലാകും ഇത് എണ്ണുക. വിവിപാറ്റിന്റെ എണ്ണം തന്നെയാകും അന്തിമ ഫലമായി പ്രഖ്യാപിക്കുകയെന്നും ടീക്കാറാം മീണ വ്യക്തമാക്കി.