bjp-udf

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറാമെന്ന യു.ഡി.എഫ് ആത്മവിശ്വാസത്തിന് പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്ന് ബി.ജെ.പി നേതാവും എം.പിയുമായ വി.മുരളീധരൻ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്‌തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തൽ ഈ വാദത്തിന് ശക്തിപകരുന്നതാണ്. മറ്റ് മണ്ഡലങ്ങളിലും ഇത്തരത്തിൽ കൂട്ടുകെട്ടുണ്ടാക്കിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇതാണ് യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയ്ക്ക് പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുരളീധരൻ കുറിക്കുന്നു. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ പുറത്തു വരുമെന്നും, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഇക്കാര്യം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചതാണെന്നും വി.മുരളീധരൻ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ മുൻതൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്തെന്ന എസ്.ഡി.പി.ഐയുടെ പരസ്യമായ വെളിപ്പെടുത്തൽ യു.ഡി.എഫിന്റെ തീരവാദ ബന്ധത്തിനു തെളിവാണ്. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ധാരണയുണ്ടാക്കിയതിന്റെ ആത്മവിശ്വാസമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്നു പിന്നിലെ ഘടകം.
മുസ്ലിം ലീഗ് ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്ന് ഞങ്ങൾ മുമ്പേ പറഞ്ഞതാണ്. അത് ഈ സമയത്ത് ഒരിക്കൽ കൂടി തെളിയുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികാസമർപ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജി സൂചിപ്പിച്ചതുമാണ്. തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടിയുടേയും ഇ.ടി.മുഹമ്മദ് ബഷീറിന്റേയും നേതൃത്വത്തിൽ വിതച്ചതിന്റെ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളത്. തീവ്രവാദ ശക്തികളുമായുള്ള യു.ഡി.എഫിന്റെ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ പുറത്തു വരും.