digvijaya-singh

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ കഴിയുന്നത് വരെ കനത്ത ജാഗ്രത തുടരാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ജാഗ്രത. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാത്രി മുഴുവനും കാവലിരിക്കാൻ ആളുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതിർന്ന കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ ദിഗ് വിജയ് സിംഗും അദ്ദേഹത്തിന്റെ ഭാര്യയും ഭോപ്പാലിലെ ഇ.വി.എം സ്ട്രോംഗ് റൂം സന്ദർശിച്ചു.

ഇന്നലെ വരാണാസിയ്ക്ക് സമീപമുള്ള ചാന്ദൗലി മണ്ഡലത്തിൽ നിന്നും പുലർച്ചയോടെ വോട്ടിംഗ് യന്ത്രങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വോട്ടിംഗ് മെഷീനുകൾ മാറ്റുന്ന ആളുകളെ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥി ചോദ്യം ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാൽ,​ സ്റ്റോർ റൂമിൽ അധികമായി സൂക്ഷിച്ച മെഷീനുകളാണ് നീക്കിയതെന്നാണ് ജില്ലാഭരണകൂടം നൽകിയ വിശദീകരണം. അതേസമയം,​ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ തിര‌ഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടെണ്ണലിന്റെ ആശയക്കുഴപ്പം തീർക്കാൻ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 കക്ഷി നേതാക്കളാണ് തിര‌ഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിക്കാനെത്തിയത്.


വിവിപാറ്റിലെയും വോട്ടിംഗ് യന്ത്രത്തിലെയും വോട്ടുകൾ ഒത്തുചേരാതെ വന്നാൽ ആ നിയോജക മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഇന്ന് പരിഗണിക്കുമെന്ന് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതായി നേതാക്കൾ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്,​ ഗുലാം നബി ആസാദ്,​ അഹമ്മദ് പട്ടേൽ ഉൾപ്പെടുന്ന കോൺഗ്രസ് നേതാക്കളും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളടങ്ങുന്ന സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്.