തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ ട്രോളി മന്ത്രി എം.എം മണി. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്കെന്ന് മന്ത്രി വിമർശിച്ചു.പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത എക്സിറ്റ് പോൾ ഫലം കണ്ട് തുള്ളിച്ചാടുകയാണ് മുല്ലപ്പള്ളിയെന്ന് എം.എം മണി കുറ്റപ്പെടുത്തി.അഖിലേന്ത്യ തലത്തിലെ എല്ലാ സർവ്വേകളും പ്രവചിക്കുന്നത് ബി.ജെ.പി. തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തറപറ്റുമെന്നുമാണ്, അതിൽ കെ.പി.സിസി. അദ്ധ്യക്ഷന് ഒരു പ്രയാസവുമില്ലയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂർണ്ണരൂപം
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സർവ്വേ റിപ്പോർട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേ അവസരത്തിൽ അഖിലേന്ത്യ തലത്തിൽ വന്ന എല്ലാ സർവ്വേ റിപ്പോർട്ടുകളും പറയുന്നത് ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുമെന്നും കോൺഗ്രസ് തറപറ്റുമെന്നുമാണ്. അതിൽ കെ.പി.സിസി. അദ്ധ്യക്ഷന് ഒരു പ്രയാസവുമില്ല. എൽ.ഡി. എഫിന് സീറ്റ് കുറയുമെന്ന സർവ്വേ റിപ്പോർട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. "കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതി" എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.