ഇരുചക്രവാഹന പ്രേമികൾക്കായി പുത്തൻ സ്പോർട്സ് കം ടൂറിംഗ് ബൈക്കായ ജിക്സർ എസ്.എഫ് 250 വിപണിയിലെത്തിച്ച് സുസുക്കി. 1.71 ലക്ഷം രൂപ വിലയുള്ള ബൈക്കിൽ പുത്തൻ സവിശേഷതകളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം ‘ജിക്സർ എസ് എഫ് 155’ ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പും സുസുക്കി അവതരിപ്പിച്ചു 1.09 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില.
പുത്തൻ സ്റ്റൈലിഷ് ലുക്കിൽ പുറത്തിറങ്ങുന്ന ‘എസ് എഫ് 250 ജിക്സർ മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നിറങ്ങളിലാണു ലഭ്യമാവുക. ഹെഡ്ലാംപിലും ടെയിൽ ക്ലസ്റ്ററിലുമൊക്കെ എൽ.ഇ.ഡി ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ബൈക്കിന് കരുത്തേകാൻ 250 സി.സി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ്, ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിലുള്ളത്. 9,000 ആർ പി എമ്മിൽ 26.5 പി എസ് വരെ കരുത്തും 7,500 ആർ പി എമ്മിൽ 22.6 എൻ എമ്മോളം ടോർക്കുമാണ് ലഭിക്കുക.
ക്ലിപ് ഓൺ ഹാൻഡ്ൽ ബാർ, ഇരട്ട മഫ്ളർ സഹിതമുള്ള എക്സോസ്റ്റ്, സ്റ്റെപ് രൂപത്തിലുള്ള സീറ്റ്, വിഭജിച്ച ഗ്രാബ് റയിൽ എന്നിവയും ബൈക്കിന്റെ പ്രത്യേകതയാണ്. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ ഷോക്കുമാണു സസ്പെൻഷൻ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കോടെ എത്തുന്ന ബൈക്കിൽ ഇരട്ട ചാനൽ ആന്റിലോക്ക് ബ്രേക്ക് സംവിധാനവും ബൈക്കിന്റെ സവിശേഷതയാണ്.