ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ (ഇ.വി.എം) കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുകയാണെന്നും മോദി വിമർശിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന എൻ.ഡി.എ നേതാക്കളുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് സുപ്രീം കോടതി തന്നെ പലതവണ വിധിച്ചിട്ടുള്ളതാണെന്നും, തദവസരത്തിലാണ് ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുന്നതെന്നും മോദി പറഞ്ഞു. എൻ.ഡി.എ ജനങ്ങളുടെ ആശയും പ്രതീക്ഷയുമാണ്. എൻ.ഡി.എ എന്നത് വെറും കൂട്ടായ്‌മ അല്ലെന്നും കുടുംബമാണെന്നും മോദി കൂട്ടിച്ചേർത്തു.
പ്രാദേശികതലത്തിൽ ജനവികാരം പ്രതിഫലിക്കുന്നതിന് എൻ.ഡി.എ തുടർന്നും കൂട്ടായ ശ്രമം നടത്തണം. രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയ ചേരുവകൾക്കും ജാതിവാദങ്ങൾക്കും ബദലയാണ് എൻ.ഡി.എ വരേണ്ടത്. വോട്ട് ബാങ്ക് ഉറപ്പിക്കലല്ല പുതിയ ഇന്ത്യയാണ് എൻ.ഡി.എയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
യോഗത്തിന് ശേഷം കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ പ്രമേയം അവതരിപ്പിച്ചു. ഐകകണ്‌ഠേനെയാണ് യോഗം ഇത് പാസാക്കിയത്. കേരളത്തിലും ബംഗാളിലുമുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങളെ പ്രമേയം അപലപിച്ചു.