രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. വോട്ടെണ്ണലിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ സ്‌ട്രോംഗ് റൂമിൽ സീൽ ചെയ്ത യന്ത്രങ്ങൾ വാഹനങ്ങളിൽ കടത്താൻ ശ്രമം നടന്നതായി പ്രതിപക്ഷ കക്ഷികളടക്കം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതുകൂടാതെ പുറത്ത് നിന്നും തിരഞ്ഞെടുപ്പ് ദിവസം ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിൽ എത്തിക്കുവാൻ ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളയുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. ഈ അവസരത്തിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ചരിത്രത്തെക്കുറിച്ചും, അവ എത്രത്തോളം സുരക്ഷിതമാണെന്നതിനെ കുറിച്ചും ഫേസ്ബുക്കിൽ എഴുതുകയാണ് ഷാബു പ്രാസാദ്.
രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലാണ് രാജ്യവ്യാപകമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും അന്ന് കമ്പ്യൂട്ടർ വത്കരണത്തെ എതിർത്തിരുന്ന സി.പി.എം പോലും വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗത്തെ കുറിച്ച് എതിർത്ത് ഒരക്ഷരം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതുപോലെ വോട്ടിംഗ് കഴിഞ്ഞ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്ന യന്ത്രങ്ങൾക്ക് പഴുതടച്ച സുരക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാമെന്ന ബാലിശമായ വാദങ്ങൾ ഉയർത്തുന്നവർ ബാലറ്റ് രീതിയിലും കൃത്രിമം നടത്തുവാൻ കഴിയുമെന്നത് ഓർക്കണമെന്നും ഷാബു പ്രസാദ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
താരമാകുന്ന വോട്ടിംഗ് യന്ത്രം..
_______________________________
1982ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചിരവൈരികളായ എ.സി. ജോസും ശിവൻ പിള്ളയും ഏറ്റുമുട്ടിയ വടക്കൻ പറവൂർ മണ്ഡലത്തിൽ ആണ് ലോകത്താദ്യമായി വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത്... കമ്പ്യൂട്ടർ വിരുദ്ധ സമരത്തിനും മുൻപുള്ള കാലത്ത് പോലും എല്ലാ രാഷ്ട്രീയ പാർട്ടികളും അതിനെ സ്വാഗതം ചെയ്തു... പക്ഷേ തെരഞ്ഞെടുപ്പിൽ തോറ്റ എ.സി. ജോസ് കേസ് കൊടുത്തു.... പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകൾ എന്നി തിട്ടപ്പെടുത്തണം എന്ന ക്ളോസിൽ ആയിരുന്നു വാദം... മെഷീനുള്ളപ്പോൾ ബാലറ്റ് പേപ്പർ ഉണ്ടാകില്ലല്ലോ... കോടതി തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തു... മൺഡലത്തിലെ വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ച ബൂത്തുകളിൽ വീണ്ടും വോട്ടിങ്ങ് നടന്നു...
അതായത്, യന്ത്രത്തിന്റെ വിശ്വാസ്യത അക്കാലത്ത് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല...
പിന്നീടാണ് രാജീവ് ഗാന്ധി, വ്യാപകമായി മെഷീൻ ഉപയോഗിക്കാനുള്ള പദ്ധതിക്ക് അനുമതി കൊടുത്തു... പൊതുമേഖലാ സ്ഥാപനമായ ഹൈദരാബാദിലെ ECIL നായിരുന്നു ചുമതല... കമ്പ്യൂട്ടർ വിരുദ്ധ വികാരം തീപിടിപ്പിച്ച, പാർലമെന്റിലെ രണ്ടാമത്തെ മുഖ്യപ്രതിപക്ഷമായിരുന്ന CPM പോലും അക്കാലത്ത് ഇതിനെ എതിർത്തില്ല.... തെരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്തു, 1991മുതൽ ഘട്ടം ഘട്ടമായി, ഒരുപാടൊരുപാട് പരീക്ഷണങ്ങൾ കഴിഞ്ഞു 2000 ഓടുകൂടിയാണ് എല്ലാ തെരഞ്ഞെടുപ്പുകളും മെഷീനിലേക്ക് മാറിയത്..
പൂർണമായി മെഷീനിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായ 2004ൽ വിജയം ഉറപ്പിച്ചിരുന്ന BJP പരാജയപ്പെട്ടു... 2009 ലും BJP പരാജയം അറിഞ്ഞു... എത്രയോ നിയമസഭകളിൽ BJP ജയിക്കുകയും തോൽക്കുകയും ചെയ്തു...പക്ഷേ അപ്പോഴൊക്കയും പാവം മെഷീൻ ഒന്നും അറിഞ്ഞില്ല...
എങ്ങിനെയായിരുന്നു പഴയ രീതി... ഒരു ബൂത്തിലേക്കുള്ള ഇലക്ഷൻ സാമഗ്രികൾ... ബാലറ്റ് പെട്ടി, ബാലറ്റ് പേപ്പറുകൾ, മഷി, സീൽ, അരക്ക്, നൂൽ തുടങ്ങി കാക്കത്തൊള്ളായിരം സ്റ്റേഷനറികൾ പ്രിസൈഡിങ് ഓഫീസറും പോളിംഗ് ഓഫീസർമാരും ചേർന്ന് റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കളക്ടറിൽ നിന്നും തലേ ദിവസം വാങ്ങണം... ബാലറ്റ് പേപ്പറുകൾ സീരിയൽ നമ്പർ പരിശോധിച്ച് എണ്ണി ഉറപ്പിക്കണം... തലേദിവസം രാത്രി തന്നെ ബൂത്തിലെത്തി അവിടെ താമസിച്ച് രാവിലെ 8 മണിക്ക് വോട്ടിംഗ് തുടങ്ങണം... വോട്ടെണ്ണലാണ് ഏറെ ശ്രമകരം.പേപ്പറുകൾ സ്ഥാനാർഥി അടിസ്ഥാനത്തിൽ സോർട്ട് ചെയ്തു തുടങ്ങുന്ന കൗണ്ടിങ് എപ്പോൾ അവസാനിക്കുമെന്ന് ദൈവത്തിനു പോലും പറയാൻ കഴിയില്ല. ആയിരക്കണക്കിന് ടൺ പേപ്പറുകൾ, ഭീകരമായ മനുഷ്യാധ്വാനം... മാത്രവുമല്ല, ബൂത്തുപിടുത്തവും, പേപ്പറുകൾ ഒന്നായി പിടിച്ചെടുത്തു വോട്ട് കുത്തി ഇടുന്ന രീതിയുമൊക്കെ അന്ന് സർവ്വസാധാരണമായിരുന്നു.. 1991ൽ മുൻ പ്രധാനമന്ത്രി ഐ. കെ. ഗുജ്റാൾ മത്സരിച്ച് ജയിച്ച പാറ്റ്നയിലെ തെരഞ്ഞെടുപ്പ് ടി.എൻ.ശേഷൻ റദ്ദ് ചെയ്തപ്പോഴാണ് ഇങ്ങിനെയുള്ള കാര്യങ്ങൾ ദേശീയ ശ്രദ്ധയിൽ വരുന്നത്... 1999ൽ, എങ്ങിനെയും കണ്ണൂർ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും പിടിച്ചെടുക്കാൻ വേണ്ടി CPM ഉം,ഭരണപിന്തുണയോടെ ഇത് കേരളത്തിൽ വിജയകരമായി നടപ്പാക്കി... എ.പി.അബ്ദുള്ളക്കുട്ടി എംപി ആകുന്നത് അങ്ങനെയാണ്...
ഈ സുകുമാരകലകൾക്കാണ് EVM ന്റെ പൂട്ട് വീണത്.. ഓരോ വോട്ടും കഴിഞ്ഞു ഓഫീസർ ബട്ടൺ അമർത്തിയാൽ മാത്രമേ അടുത്ത വോട്ട് ചെയ്യാനാകൂ...
എല്ലാ രാഷ്ട്രീയ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ മോക്ക് വോട്ടിംഗ് നടത്തിയ യന്ത്രമാണ് വോട്ടിങ്ങിനു ഉപയോഗിക്കുന്നത്...തലേ ദിവസമാണ് സ്ഥാനാർഥികളുടെ പേരും ചിഹ്നവും മെഷീനിൽ സെറ്റ് ചെയ്യുന്നത്.... മെഷീൻ ഒരു നെറ്റ് വർക്കുമായും ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഹാക്കിങ് അസാധ്യമാണ്.. ആയിരക്കണക്കിന് നെറ്റ് വർക്കുകളിലൂടെ കടന്നുപോകുന്ന, കോടിക്കണക്കിനു ജനങ്ങളുടെ ജീവനും ജീവിതവും കൈകാര്യം ചെയ്യുന്ന റെയിൽവേ, എയർ ലൈൻ, ഡിഫൻസ് തുടങ്ങിയ സംവിധാനങ്ങളേക്കാൾ സുരക്ഷിതമാണ് EVM. കൂടുതൽ സുതാര്യതക്ക് വേണ്ടി വോട്ടുചെയ്ത റെസീപ്റ്റ് കാട്ടുന്ന VVPAT സംവിധാനവുമുണ്ട്... അതായത് സാങ്കേതിക മേന്മ മാത്രമല്ല EVM നെ സുരക്ഷിതമാക്കുന്നത്... ഈ പ്രോസസ്സുകളാണ്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു, രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത്, ഒപ്പ് വെച്ച വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് ത്രീ ലെയർ സെക്യൂരിറ്റിയാണ്. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്യുന്നതും രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ. റൂമുകൾക്കുള്ളിൽ ഇരുപത്തിനാലു മണിക്കൂറും CCTV ക്യാമറ.. അത് നിരീക്ഷിക്കാൻ വേറേ സംവിധാനം... ഒരു ഈച്ച പറക്കില്ല..എന്നിട്ടല്ലേ കടത്തൽ...
പിന്നെ തിരിമറി നടക്കില്ലേ എന്ന് ചോദിച്ചാൽ... ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും, സാങ്കേതിക വിദഗ്‌ദ്ധരെയും, സുരക്ഷാ സേനയെയും, മാധ്യമങ്ങളെയുമൊക്കെ ഇരുചെവിയറിയാതെ സ്വാധീനിച്ചാൽ ചിലപ്പോൾ കഴിഞ്ഞേക്കും... ഇതിനേക്കാൾ സാധ്യത ബാലറ്റിൽ തിരിമറി നടത്താനാണ്.. അച്ചടിക്കുന്ന പ്രസ്സ്, ട്രാൻസ്പോർട്ട്.. ദിവസങ്ങൾക്ക് ശേഷം തെളിയുന്ന അദൃശ്യമായ മഷിയിൽ നേരത്തേ വോട്ട് രേഖപ്പെടുത്താം.. മണിക്കൂറുകൾക്ക് ശേഷം മാഞ്ഞു പോകുന്ന മഷി ബൂത്തിലുപയോഗിക്കാം..ചിരി വരുന്നല്ലേ... EVM ഹാക്കിങ്ങിനേക്കാൾ എളുപ്പമാണിതെന്ന് സൂചിപ്പിക്കാൻ പറഞ്ഞെന്നേയുള്ളു... ഇത് ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ ഫിക്ഷൻ നോവലല്ല... യാഥാർഥ്യത്തിന്റെ ലോകത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ്..
പത്തുലക്ഷം ബൂത്തുകൾ.. അൻപത് ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ.. അതിനു മുകളിൽ ജില്ലാ ഭരണകൂടം, കലക്റ്റർ, പോലീസ്, അർധസൈനിക വിഭാഗം.. എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു ഇലക്ഷൻ കമ്മീഷൻ... ഈ വൻ സംവിധാനങ്ങളെല്ലാം ഹാക്ക് ചെയ്ത് ജയിക്കുന്നവൻ മോശക്കാരാനാവില്ലല്ലോ... അങ്ങട് ജയിക്കട്ടെന്നേ.. ഹല്ല പിന്നെ..
ഇതൊക്കെ നോക്കുമ്പോൾ എത്രയോ എളുപ്പമാണ് സർ അന്തസായി ജനങ്ങളെ സമീപിച്ചു, ബോധ്യപ്പെടുത്തി ,അവരെക്കൊണ്ട് വോട്ട് ചെയ്യിക്കാൻ..
കോൺഗ്രസിനെയും പ്രതിപക്ഷത്തെയും കുറ്റം പറയാൻ പറ്റില്ല... ആസന്നമായ, ഉറപ്പിച്ചു കഴിഞ്ഞ ഒരു വൻ പരാജയത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്... കണ്ടാ കണ്ടാ.. ഞങ്ങളന്നേ പറഞ്ഞില്ലേ എന്ന് പറയാനുള്ള തയ്യാറെടുപ്പ്...ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എറിയുന്നത് ബുദ്ധി... ഇത് പത്ത് മുഴം മുൻപേ ആയിപ്പോയി എന്ന് മാത്രം...
സാരമില്ല... ഇങ്ങനെയല്ലേ പാഠങ്ങൾ പഠിക്കുന്നത്... പാഠങ്ങളെല്ലാം പഠിച്ച് കഴിയുമ്പോഴേക്ക് ബാക്കിയുണ്ടായാൽ ഭാഗ്യം...കുറേക്കാലം കഴിഞ്ഞ് ഖേദിക്കുകയും തെറ്റുതിരുത്തുകയെങ്കിലും ചെയ്യണമെങ്കിൽ പേരിനെങ്കിലും ഒരു തരി വേണ്ടേ..