ബംഗളൂരു: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കത്തി നിൽക്കെ പ്രതിപക്ഷ പാർട്ടികളെ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി.ചൊവ്വാഴ്ച രാത്രിയിയിരുന്നു ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച. ഇന്നലെ 23 പ്രതിപക്ഷ പർട്ടികൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'നേരത്തെ ബി.ജെ.പിയും ഇ.വി.എമ്മുമായി ബന്ധപ്പെട്ട് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.ഉത്തർപ്രദേശിൽ സ്ട്രോംഗ് റൂമുകൾക്ക് പകരം ഹോട്ടലുകളിലും റൂമുകളിലും ഇ.വി.എം കാണുന്നുണ്ട്. നമുക്ക് ഇ.വി.എമ്മും വിവിപാറ്റും ഉണ്ട്. 9000കോടി രൂപ നിങ്ങൾ ചെലവാക്കി, എന്നിട്ടും എന്തുകൊണ്ട് നിങ്ങൾ സുതാര്യത ഉറപ്പുവരുത്തിയില്ല? അതിനർത്ഥം മോദി സർക്കാർ തിന്മ ചെയ്തുവെന്നാണെന്നെന്നും നായിഡു ആരോപിച്ചു.
2016ൽ താൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നെന്നും അതിൽ ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ ബാലറ്റ് പേപ്പറുകൾ മടക്കിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെപ്പറ്റിയുള്ള വിശ്വാസ്യത ഉയർത്താനായി കൂടുതൽ വിവിപാറ്റുകൾ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോൺഗ്രസും, ബി.എസ്.പിയും ഡി.എം.കെയും ഉൾപ്പെടെയുള്ള 22 പ്രതിപക്ഷ പാർട്ടികൾ ഇതുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്.മേയ് 23ന് ഫലം വന്നതിന് ശേഷം ഒരുമിച്ചിരുന്ന് പ്രധാനമന്ത്രി ആരാകണമെന്നതിനെപ്പറ്റി തീരുമാനമെടുക്കുമെന്ന് നായിഡു വ്യക്തമാക്കി.