ശഹീദാബാദ്: പൊലീസ് സ്റ്റേഷനിൽ വൻ മോഷണം. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ശഹീദാബാദ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. അതേസമയം, സ്റ്റേഷനിലെ സ്റ്റോർ മുറിയിൽനിന്ന് സാധനങ്ങൾ മോഷണം പോയത് പൊലീസുകാരറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ്. പൊലീസ് സ്റ്റേഷൻ സമുച്ചയത്തിൽ തന്നെയുള്ള സ്റ്റോർ മുറിയിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്റ്റോർ ഇൻചാർജ് സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മോഷണം നടന്നത് മേയ് 18ന് രാത്രിയിലാണെന്ന് കണ്ടെത്തി.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, വലുതും ചെറുതുമായ 90ലധികം ബാറ്ററികൾ, രണ്ട് ഗ്യാസ് സിലിണ്ടറുകൾ,തുടങ്ങിയവയ്‌ക്ക് പുറമേ സ്റ്റേഷൻ പരിസരത്ത് നിറുത്തിയിട്ടിരുന്ന കാറുകളുടെ വിവിധ ഭാഗങ്ങളും മോഷണം പോയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്‌ത്രീകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട വസ്‌തുക്കളിൽ ചിലത് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.