cot-naseer

കണ്ണൂർ: തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രദേശിക നേതാക്കളാണെന്ന് വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായ സി.ഒ.ടി നസീർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തലശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാർട്ടി ഇക്കാര്യം അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉറപ്പുനൽകിയിട്ടുണ്ടെന്നും സി.ഒ.ടി നസീർ പറഞ്ഞു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി.ഒ.ടി നസീർ കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ ഒരാളെ പൊലീസ് പിടികൂടി. പാലക്കാട് നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വഴിതിരിച്ച് വിടാനുള്ള നീക്കം നടത്തുന്നതായി ആരോപണമുണ്ട്. പിടിയിലായ ആളെ തലശ്ശേരിയിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. അക്രമി സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നു എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാൽ ആറംഗ സംഘമാണ് നസീറിനെ ആക്രമിച്ചതെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.

കൊളശ്ശേരിയിലെ ഇരട്ട പേരുള്ള ഒരു യുവാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും വിവരമുണ്ട്. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കൊളശ്ശേരി ഭാഗത്ത് അരിച്ച് പെറുക്കിയെങ്കിലും സംഘത്തിലുള്ള ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യം നടത്തിയ ഉ‌ടൻ സംഘം സ്ഥലത്ത് നിന്ന് മുങ്ങിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പാർട്ടി പുറത്താക്കിയ ഒരാളെ അടുത്തിടെ തിരിച്ചെടുത്തിരുന്നു. ഇയാൾക്ക് കേസുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സംഘമാണ് നസീറിനെ വകവരുത്താൻ ശ്രമിച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാഹിയിലെ ഒരു വീട്ടിലെത്തി 25 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടി എടുക്കാൻ ശ്രമിച്ചതായുള്ള പരാതിയും ഇവരുടെ പേരിലുണ്ട്. അതിനിടെ വധശ്രമത്തിന് പിന്നിൽ ഒരു ജനപ്രതിനിധി ഗൂഢാലോചന നടത്തിയതായും സൂചനയുണ്ട്. നേരത്തെ ഇയാൾ രണ്ട് തവണ നസീറിന് നേരെ വധ ഭീഷണി ഉയർത്തിയിരുന്നു. പരിശീലനം ലഭിച്ച ആളുകളാണ് കൃത്യം നിർവ്വഹിച്ചതെന്ന് വ്യക്തമാണ്.