election-commission

ന്യൂഡൽഹി: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വോട്ടിംഗ് യന്ത്രങ്ങൾ ആദ്യം എണ്ണുമെന്നും വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വെെകുമെന്നും കമ്മിഷൻ വ്യക്തമാക്കി.

വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 22 പ്രതിപക്ഷ പാർട്ടി നേതാക്കൾ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്നുമാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആവശ്യപ്പെട്ടത്. വോട്ടിംഗ് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ഉത്തരവാദിത്തം കാണിച്ചില്ലെന്നും സുരക്ഷ ഏർപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.

വിവിപാറ്റ് എണ്ണുന്നതിൽ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാൽ വിവിപാറ്റിലെ മുഴുവൻ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് 22 രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാൽ എല്ലാ ഘടകങ്ങളും എണ്ണണമെന്നും കമ്മിഷനുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകൾ സുരക്ഷിതവും ക്രമക്കേടുകൾക്ക് അതീതവുമാണെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. നേരത്തെ വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.