crime

കൊല്ലം: റെയിൽവെ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ട സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ നടന്ന കൊലയാണെന്നാണ് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്. കേസിൽ സുഹൃത്തും അയൽവാസിയുമായ വരമ്പിത്തുവിള മണികണ്ഠനെ (27) പരവൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഉറ്റ സുഹൃത്തായ പരവൂർ കലയ്ക്കോട് വരമ്പിത്തുവിള വീട്ടിൽ അശോകനാണ് (35) കൊല്ലപ്പെട്ടത്.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, അശോകന്റെ മൃതദേഹം ഒരു മാസം മുൻപാണു പരവൂർ മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ കണ്ടത്. മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് അശോകന്റെ അമ്മ ഓമന പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ഏപ്രിൽ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു ‘ടച്ചിംഗ്സ്’ തീർന്നതിനാൽ അതു വാങ്ങാൻ മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോൾ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.

സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠൻ അശോകനെ പിന്തുടർന്നു പോയി. പരവൂർ മേൽപ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോൾ ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി. മണികണ്ഠൻ പിടിച്ചുതള്ളിയപ്പോൾ അശോകൻ അതുവഴി വന്ന ട്രെയിനടിയിൽപ്പെട്ടു തൽക്ഷണം മരിക്കുകയായിരുന്നു.