ന്യൂഡൽഹി: അടുത്ത 24 മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണെന്നും കോൺഗ്രസ് പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അണികൾക്ക് നിർദേശം നൽകി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്‌സിറ്റ്‌പോൾ, ഇ.വി.എം അട്ടിമറി വാർത്തകൾക്കിടെ കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം നൽകിയാണ് രാഹുലിന്റെ സന്ദേശം.
"അടുത്ത 24 മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണ്. കോൺഗ്രസ് പ്രവർത്തകർ ജാഗ്രത പുലർത്തണം. ഭയപ്പെടരുത്, കാരണം നിങ്ങൾ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എക്‌സിറ്റ്‌പോളുകളുടെ വ്യാജ പ്രൊപഗണ്ടകളിൽ നിരാശരാവരുത്. നിങ്ങളിലും കോൺഗ്രസ് പാർട്ടിയിലും വിശ്വാസമർപ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല"- രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് ബി.ജെ.പി ആരോപിച്ചു. ഇവിഎം പരാതികൾ ജനങ്ങൾക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും ബി.ജെ.പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. അതേസമയം, വോട്ടിംഗ് യന്ത്രങ്ങൾ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷൻ തളളി. വിവിപാറ്റുകൾ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് കമ്മീഷൻ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.