കോട്ടയം : കൂടുതൽ കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്ത് ജോലിയിലെ ആത്മാർത്ഥത ഉദ്യോഗസ്ഥർക്ക് മുന്നിൽ കാണിക്കുവാൻ തീരുമാനിച്ച എഎസ്‌ഐയ്ക്ക് കിട്ടിയത് സസ്‌പെൻഷൻ. വിലകൊടുത്ത് കഞ്ചാവ് വാങ്ങിയ ശേഷം പ്രതികളിൽ നിന്നും പിടിച്ചെടുത്തതാണെന്ന് കാട്ടി രേഖയുണ്ടാക്കാനാണ് ഈ ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതിനായി തമിഴ്നാട്ടിൽ നിന്നും ആറര കിലോ കഞ്ചാവാണ് പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയത്. ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം ജില്ലയിലും ആന്റി നർകോട്ടിക് സെൽ പ്രവർത്തനം ശക്തമാക്കിയത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ചെയ്തി പുറത്തായതോടെ ആദ്യം മലയോര മേഖലയിലെ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെയാണ് സസ്‌പെന്റ് ചെയ്തത്. ചെറിയ അളവിൽ കഞ്ചാവുമായി പിടികൂടുന്നവർക്ക് ജാമ്യം ലഭിച്ച് എളുപ്പത്തിൽ പുറത്ത് വരുന്നത് തടയാനായി തൊണ്ടി മുതലിന്റെ അളവ് കൂട്ടാനാണ് ഇത്തരത്തിൽ വില കൊടുത്ത് കഞ്ചാവ് വാങ്ങി സൂക്ഷിക്കുവാൻ പൊലീസ് തീരുമാനിച്ചതെന്നും ആരോപണമുണ്ട്.