ന്യൂഡൽഹി: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി 25 പീസാക്കി. ഡൽഹി സ്വദേശിയും 22കാരനുമായ അമൻകുമാറാണ് പ്രതി. ശരീരഭാഗങ്ങൾ പോളിത്തീൻ കവറിലാക്കി സുഹൃത്തുക്കളുമൊത്ത് ഉപേക്ഷിക്കാൻ ശ്രമിക്കവെയാണ് ഇയാൾ പൊലീസ് പിടിയിലായത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം.
48കാരനായ സന്ദേശ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്തമകനാണ് അമൻകുമാർ. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് സന്ദേശിന്റെ സഹോദരൻ പൊലീസിനോട് പറഞ്ഞു. പലപ്പോഴും അച്ഛനെ കൊല്ലുമെന്ന് മകൻ ഭീഷണിപ്പെടുത്തിയിട്ടുമുണ്ടത്രേ. സന്ദേശിന്റെ മറ്റുമക്കൾക്കും ഭാര്യയ്‌ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സഹോദരൻ പറയുന്നു.
'എല്ലാവരും ചേർന്ന് എന്റെ സഹോദരനെ ഉപദ്രിക്കുക പതിവായിരുന്നു. അവന് നഗരത്തിൽ ഒരു സുഗന്ധദ്രവ്യ കടയുണ്ട്. ഇതിന്റെ പേരിലായിരുന്നു തർക്കം'- സന്ദേശിന്റെ സഹോദരൻ പറയുന്നു. അമനെ കൂടാതെ ഒരു മകനും മകളുമാണ് കൊല്ലപ്പെട്ട സന്ദേശിനുള്ളത്. അമൻകുമാറിനെ ചോദ്യം ചെയ്‌തുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.