തിരുവനന്തപുരം: 10 വർഷം മുമ്പ് മോട്ടോർ വാഹന വകുപ്പിന് 6,185,90 രൂപ നഷ്ടം വരുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം. തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണറെ പരാതിയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തു ഉത്തരവിറക്കി. തൃശൂർ സോൺ ഒന്ന് ഡി ടി സി ആയിരുന്ന എം പി അജിത് കുമാറിനെയാണ് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ സസ്പെൻഡ് ചെയ്തു കൊണ്ട് ഇക്കഴിഞ്ഞ ഒൻപതാം തീയതി ഉത്തരവിട്ടത്. മധ്യകേരളത്തിൽ നിയമം ലംഘിച്ചു ഓടിക്കൊണ്ടിരുന്ന അന്തർ സംസ്ഥാന ബസ് സർവീസുകളെ തടഞ്ഞു നിർത്തി പരിശോധിച്ചു പിഴയടപ്പിച്ചതിന്റ പ്രതികാരം തീർക്കുവാൻ അന്തർ സംസ്ഥാന ബസ് ലോബി ഇടപെട്ടാണ് സസ്പെൻഡ് ചെയ്യിച്ചത് എന്നാണ് ആരോപണം.
ഷിജു കാലയിൽ എന്നയാൾ ചീഫ് സെക്രട്ടറിക്കു 2018 ഒക്ടോബര് 12 നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ എന്നാണ് ഉത്തരവിൽ പറയുന്നത്. നികുതി നഷ്ടമുണ്ടാക്കി എന്ന 10 വർഷം മുമ്പത്തെ പരാമർശത്തിന് മേൽ അന്നൊന്നും നടപടിയെടുക്കാതെ ഇപ്പോൾ തിടുക്കത്തിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപടി സ്വീകരിച്ച വകുപ്പ് മന്ത്രിയുടെ നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പിൽ അമർഷം ശക്തമായിരിക്കുകയാണ്. വാഹനങ്ങൾ തടഞ്ഞു പരിശോധിക്കുന്നതിന് പ്രതികാര നടപടിയെന്നോണം രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു ഗതാഗത വകുപ്പിനെക്കൊണ്ട് തന്നെ തങ്ങൾക്കെതിരെ നടപടിയെടുക്കുന്നു എന്നാണ് ജീവനക്കാരുടെ ആരോപണം.
വയനാട് അടക്കം ഏഴ് ജില്ലകളിലെ മോട്ടോർ വാഹന പരിപാലനത്തിന്റെ ചുമതലപ്പെട്ട സ്ഥാനത്തു നിന്നുമാണ് കഴിഞ്ഞയാഴ്ച ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ എം പി അജിത്തിനെ സസ്പെൻഡ് ചെയ്തത്. രാഹുൽ ഗാന്ധി സ്ഥാനാർഥിയായ എത്തിയ വയനാട്ടിലെ വി വി ഐ പി മേട്ടോർ ഗതാഗത ചുമതല അടക്കം നിർവഹിച്ചു വരുന്നതിനിടെ നടത്തിയ സസ്പെന്ഷനും വിവാദമായിട്ടുണ്ട്.
2009 ൽ തിരൂരിൽ ജോയിന്റ് ആർ ടി ഓ ആയിരിക്കെ എം പി അജിത് ഖജനാവിന് ലഭിക്കേണ്ട ആറുലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തി എന്നാണ് സസ്പെൻഷൻ ഉത്തരവിൽ. സംസ്ഥാനത്തു ഏറ്റവും കൂടുതൽ വാഹന റീ രജിസ്ട്രേഷൻ നടക്കുന്ന സ്ഥലമാണ് തിരൂർ സബ് ആർ ടി ഓ ഓഫീസ്. ഇവിടെ രണ്ടാമതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വില കുറച്ചു കാട്ടി നഷ്ടമുണ്ടാക്കി എന്ന ഓഡിറ്റ് പരാമർശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 10 വർഷത്തിന് ശേഷം ഷിജു കാലായിൽ എന്ന വ്യക്തി പരാതി നൽകിയത്. ഇതിന്റെ പിന്നിൽ അന്തർ സംസ്ഥാന ബസ് ലോബ്ബിയും സംസ്ഥാനത്തെ സ്വകാര്യ ബസ് ടിപ്പർ ടോറസ് ഉടമ സംഘടകളുമാണെന്നാണ് ആരോപണം. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ വാഹന പരിശോധനാ ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം വ്യാപകമായ പരാതി ആരോപണങ്ങൾ വിവിധ വ്യക്തികളുടെ പേരിൽ സർക്കാരിന് ലഭിക്കുന്നുണ്ട്. സർക്കാർ നിർദേശപ്രകാരമാണ് വാഹനങ്ങൾ പരിശോധിക്കുന്നതെന്നും അതിനെതിരെ നിരന്തരം ലഭിക്കുന്ന ഊമക്കത്തുകളും പരാതികളും വേണ്ട രീതിയിൽ അന്വേഷിക്കാതെ സസ്പെന്ഷന് അടക്കം നടപടികളുമായി മുന്നോട്ടു പോകുന്ന ഗതാഗത വകുപ്പ് സ്വകാര്യ മാഫിയക്ക് കൂട്ട് നിൽക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
2009 കാലയളവിൽ തിരൂർ സബ് ആർ ടി ഓഫീസിൽ ജോലി നോക്കിയിരുന്ന 30 ഓളം ജീവനക്കാരുടെ പേര് വിവരങ്ങളും അവർ ഇപ്പോൾ ജോലി നോക്കുന്ന സ്ഥലങ്ങളും സ്വകാര്യ ബസ് ടിപ്പർ സംഘടനകൾ ശേഖരിച്ചു കഴിഞ്ഞു. ഈ ജീവനക്കാർക്കെതിരായ പരാതികളും സർക്കാരിന് നൽകി അന്വേഷണമൊന്നും കൂടാതെ നടപടിയെടുപ്പിക്കാനാണു ഇവരുടെ ശ്രമമെന്നും മേട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു. അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി കർശനമാക്കിയതിനൊപ്പം മോട്ടോർ വകുപ്പിലെ പരിശോധനാ ഉദ്യോഗസ്ഥർ അകാരണമായി ടിപ്പർ ടോറസ് വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴയീടാക്കുന്നതായും അവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ അകാരണമായി സസ്പെൻഡ് ചെയ്യുന്നതായും കേരളം ടിപ്പർ ടോറസ് ഉടമ സംഘടനാ സെക്രട്ടറി ജോൺസൻ പടമാടൻ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളും ജന ദ്രോഹവും കണ്ടെത്തി നടപടിയെടുക്കാൻ സർക്കാർ ശ്രമിക്കാത്തത് കൊണ്ടാണ് വ്യക്തിഗത പരാതികളുമായി തങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പടമാടൻ വെളിപ്പെടുത്തി.