ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൽ സുപ്രീം കോടതിയ്‌ക്കും പങ്കുണ്ടോയെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാ വിവിപാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയായിരുന്നു ഉദിത് രാജിന്റെ പ്രസ്‌താവന.
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് 22 പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു. വോട്ടെണ്ണുമ്പോൾ വിവിപാറ്റ് സ്ലിപ്പുകൽ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിവിപാറ്റുകൾ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രീതിയിൽ പാകപിഴവ് ഉണ്ടെന്നും അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവിപാറ്റിന് പ്രാധാന്യം നൽകണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദിത് രാജ് രംഗത്തെത്തിയത്.
അതേസമയം, ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വോട്ടിംഗ് യന്ത്രങ്ങൾ ആദ്യം എണ്ണുമെന്നും വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വെെകുമെന്നും കമ്മിഷൻ വ്യക്തമാക്കി.