modi-

മുംബയ്: ഉദ്വേഗഭരിതമായ അന്തരീക്ഷത്തിലായിരിക്കും നാളെ രാജ്യം. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അന്തിമ ഫലത്തിനായി കാതോർക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. എക്സിറ്ര് പോൾ ഫലങ്ങൾ നരേന്ദ്രമോദിയുടെ തുടർഭരണം പ്രവചിച്ചതോടെ ആഹ്ളാദത്തിലാണ് ബി.ജെ.പി ക്യാമ്പ്. നാളെ ഫലം പുറത്തുവരുന്നതോടെ ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. ഇതിനിടെ എൻ.ഡി.എയുടെ തുടർഭരണം തടയാൻ രാഷട്രീയ നീക്കങ്ങളുമായി സജീവമായിരിക്കുകയാണ് എൻ.സി.പി നേതാവ് ശരത് പവാർ.

അന്തിമഫലം പുറത്തുവരുന്നതോടെ എൻ.ഡി.എയ്ക്ക് കേവലഭൂരിപക്ഷം കുറയുകയാണെങ്കിൽ പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനാണ് ശരത് പവാറിന്റെ നീക്കം. ഇതിനായി വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് തുടങ്ങിയവരുമായി ശരത് പവാർ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോർട്ട്. പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിൽ പൂർണപിന്തുണ നൽകണമെന്നാണ് ആവശ്യം.

ചന്ദ്രശേഖർ റാവുവും നവീൻ പട്നായികും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് പിന്തുണ നൽകിയേക്കുമെന്നാണ് ശരത് പവാറിന്റെ കണക്കുകൂട്ടൽ. എന്നാൽ ജഗൻ മോഹൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം യാത്രയിലായതിനാൽ എൻ.സി.പിക്ക് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ കേവലഭൂരിപക്ഷം ഇല്ലാത്ത അവസ്ഥവന്നാൽ വൈ.എസ്.ആർ കോൺഗ്രസിന്റെ പിന്തുണ തേടാനുള്ള ശ്രമങ്ങൾ എൻ.ഡി.എ തുടങ്ങിയിട്ടുണ്ട്‌.

അതേസമയം, ബി.ജെ.പി ഇതര പാർട്ടികളെ കോർത്തിണക്കി സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബി.എസ്.പി അദ്ധ്യക്ഷ മയാവതി, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, നാളെ ഫലം പുറത്തുവരുമ്പോൾ വലിയ ഭരണ വിരുദ്ധ വികാരം ഉണ്ടാവില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാരുണ്ടാക്കാമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. 300ലധികം സീറ്ര് ബി.ജെ.പി ക്ക് മാത്രം ലഭിക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. മോദിയുടെ വ്യക്തിപ്രഭാവം, ഭീകരതയ്ക്കെതിരായ നടപടികൾ, ബാലാകോട്ട് സൈനികാക്രമണം എന്നിവയൊക്കെ മുന്നിൽ നിറുത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷ കക്ഷികളുടെ അനൈക്യവും ബി.ജെ.പി മുതലാക്കി. മോദി-രാഹുൽ ഏറ്റുമുട്ടലിൽ വിജയം തങ്ങൾക്ക് ഒപ്പമാകുമെന്ന് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ പ്രതീക്ഷിക്കുന്നു.