ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. കമ്മിഷന്റെ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്തക്ക് എതിരെന്നും സാമ്പിൾ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാനതത്ത്വം പോലും മാനിക്കുന്നില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
അതേസമയം, വിവിപാറ്റ് എണ്ണണമെന്ന ആവശ്യം തള്ളിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന്റെ കാരണം കമ്മിഷൻ അറിയിക്കാൻ തയ്യാറായില്ല. പരാതികൾ തള്ളിയതിന്റെ കാരണവും അറിയിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു.
വിവിപാറ്റ് ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ കോടതി വിധി നാളെ വരും. ജനങ്ങൾ ആണ് ഏറ്റവും വലിയ കോടതി. അവസാന നിമിഷം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിംഗ്‌വി പറഞ്ഞു. വിവിപാറ്റുകൾ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.
തോൽക്കുമ്പോൾ മാത്രം വോട്ടിംഗ് യന്ത്രങ്ങളെ പഴിചാരുന്നത് ശരിയായ രീതിയല്ലെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ കെ.സുധാകർ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളെ പഴിക്കുന്നതിൽ അർത്ഥമില്ലെന്നും, വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സുധാകർ വ്യക്തമാക്കി.