ന്യൂഡൽഹി: വ്യാജ എക്സിറ്റ് പോളുകളിൽ നിരാശ വേണ്ടെന്നും അടുത്ത 24 മണിക്കൂറിൽ കൂടുതൽ ജാഗ്രതയുള്ളവരായിരിക്കാനും അണികളോട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. ട്വിറ്ററിലൂടെയാണ് തന്റെ അണികൾക്കുള്ള സന്ദേശം രാഹുൽ നൽകിയത്. ''അടുത്ത 24 മണിക്കൂർ നിർണായകമാണ്. അതീവ ശ്രദ്ധയുള്ളവരായിരിക്കണം. വ്യാജ പോൾ ഫലങ്ങളിൽ ആശങ്കവേണ്ട. നിങ്ങളെത്തന്നെയും കോൺഗ്രസിനെയും വിശ്വസിക്കുക. നിങ്ങളുടെ ശ്രമങ്ങൾ പാഴാകില്ല"- എന്നാണ് രാഹുൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചത്. ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തിങ്കളാഴ്ച സമാനമായ സന്ദേശം അണികൾക്കു നൽകിയിരുന്നു.
അതേസമയം, എൻ.ഡി.എയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, പയറ്റേണ്ട മറുതന്ത്രം കോൺഗ്രസ് അണിയറയിൽ തയ്യാറാക്കുകയാണെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ആർക്കും ഭൂരിപക്ഷമില്ലാതെ വന്നാൽ എന്തുചെയ്യണമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.