rafale

പാരീസ്: റാഫേൽ യുദ്ധവിമാനത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട മേൽനോട്ടം വഹിക്കാൻ പാരീസിൽ സ്ഥാപിച്ച ഇന്ത്യൻ വ്യോമസേനയുടെ ഓഫീസിൽ മോഷണ ശ്രമം നടന്നതായി റിപ്പോർട്ട്. മോഷണ ശ്രമം നടന്നെന്ന് നിർ‌മ്മാണ കമ്പനിയായ ദസോ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ വ്യോമസേനയുടെ പ്രൊജക്ട് മാനേജ്മെന്റ് ടീമിന്റെ പാരീസിലെ സെന്റ് ക്ലൗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓഫീസിൽ ഞായറാഴ്ചയാണ് സംഭവം. മോഷണശ്രമം ചാരവൃത്തിയുടെ ഭാഗമാണോ എന്ന കാര്യം വ്യക്തമല്ല. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്ടൻ റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രൊജക്ട് മാനേജ്മെന്റ് ടീം പാരിസിൽ പ്രവർ‌ത്തിക്കുന്നത്.

സംഭവത്തിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വ്യോമസേനയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു ഓഫീസിൽ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ പ്രതികരണം നടത്തിയിട്ടില്ല.